ദോഹ: ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൽ ലോകമെങ്ങുമുള്ള സന്ദർശകരെ സ്വാഗതംചെയ്ത് ഓരോ കേന്ദ്രങ്ങളും ഒരുങ്ങുകയാണ്. അവയിൽ ഏറ്റവും പുതിയ കേന്ദ്രമാണ് പൊതുമരാമത്ത് വിഭാഗത്തിനുകീഴിൽ പണി പൂർത്തിയാക്കിയ അൽ വജ്ബ ഈസ്റ്റിലെ അൽ വാദി പാർക്ക്. പച്ചപ്പും മരുഭൂമിയിലെ മണൽതിട്ടകളും ഉൾപ്പെടെ പ്രകൃതിഭംഗി ആസ്വദിക്കാനുള്ള സൗകര്യങ്ങളോടെ ഒരുക്കിയ അൽ വാദി പാർക്കിന്‍റെ നവീകരണം പൂർത്തിയായതായി അശ്ഗാൽ അറിയിച്ചു.
പൊതു ഇടങ്ങൾ സൗന്ദര്യവത്കരിക്കാനുള്ള പ്രത്യേക സൂപ്പർവൈസറി കമ്മിറ്റിയുമായി സഹകരിച്ചാണ് പാർക്കിനെ മോടിപിടിപ്പിച്ചത്. അൽ വാദി പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ കാഴ്ചകൾ പൂർണമായും ആസ്വദിക്കാനുള്ള സംവിധാനങ്ങളോടെയാണ് പാർക്ക് തയാറായത്. അൽ വജ്‌ബയിൽ സ്ഥിതി ചെയ്യുന്ന പാർക്കിലെ ഒരുലക്ഷത്തോളം സ്‌ക്വയർ മീറ്റർ പ്രദേശത്ത് മരങ്ങൾ നട്ടുപിടിപ്പിച്ചതായി അശ്ഗാൽ അറിയിച്ചു. പ്രകൃതിയുമായി ഇണങ്ങിനിൽക്കുന്ന പാർക്കിൽ നടപ്പാതകളും സൈക്ലിങ് സൗകര്യവും കാഴ്ചകൾ ആസ്വദിക്കാൻ ഇരിപ്പിടങ്ങളും തയാറാക്കിയിട്ടുണ്ട്. ഖത്തറിൽ സ്വാഭാവികമായി കാണപ്പെടുന്ന വൃക്ഷങ്ങളായ ലിസിയം ബാർബറം, വിവിധയിനം സിദ്ർ ചെടികൾ, അക്കേഷ്യ, ജെറുസലേം തോൺ തുടങ്ങിയ തൈകളാണ് പാർക്കിലുടനീളം നട്ടിട്ടുള്ളത്. മരുഭൂമിയിൽ വളരാൻ കഴിയുന്ന ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയും സജ്ജീകരിച്ചുകൊണ്ടാണ് പാർക്ക് തയാറാക്കിയത്. ഒരു കിലോമീറ്റർ നീളത്തിൽ നടപ്പാതയും സൈക്ലിങ് ട്രാക്കുമുണ്ട്.
അതോടൊപ്പം തന്നെ ജോഗിങ് നടത്താനുള്ള ഒരു കിലോമീറ്റർ പാതയുമുണ്ട്. ആരോഗ്യകരമായ അന്തരീക്ഷത്തിൽ വ്യായാമം നടത്താനാണ് അധികൃതർ സൗകര്യമൊരുക്കിയത്. ചെടികളും ജീവജാലങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള പ്രകൃതി സൗഹൃദ നിർമാണമാണ് അൽവാദി പാർക്കിലൂടെ പൂർത്തിയാക്കിയതെന്ന് അശ്ഗാൽ റോഡ്സ് പ്രോജക്ട്സ് വിഭാഗം മാനേജർ എൻജിനീയർ സൗദ് അലി അൽ തമിമി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പാർക്കിൽ വിത്തുപാകിയും തൈകൾവെച്ചും ഹരിതവത്കരണത്തിന് തുടക്കം കുറിച്ചു. പാർക്കിന്‍റെ പ്രകൃതി സൗഹൃദ അന്തരീക്ഷത്തിന് കോട്ടമില്ലാതെതന്നെ കാൽനടയും ജോഗിങ്ങും സൈക്ലിങ്ങും നടത്താൻ കഴിയുമെന്ന് സൂപ്പർവൈസറി കമ്മിറ്റി ഓഫ് ബ്യൂട്ടിഫിക്കേഷൻ ഓഫ് റോഡ്സ് ആൻഡ് പബ്ലിക്ക് പ്ലേസ് പ്രോജക്ട് ഡിസൈൻ മാനേജർ എൻജി. മർയം അൽ കുവാരി പറഞ്ഞു. പാർക്കിന് ചുറ്റുമായി ഒന്നര കി.മീ നീളത്തിൽ വേലികൾ നിർമിച്ചിട്ടുണ്ട്. മൂന്നു വശങ്ങളിൽ നിന്നായാണ് പ്രവേശന സൗകര്യമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.