ദോഹ: പുതുമോടിയിൽ അത്യാധുനിക സൗകര്യങ്ങളും കൂടുതൽ വിനോദങ്ങളുമായി അൽ വക്റ പാർക്ക് വീണ്ടും തുറക്കുന്നു. പ്രധാന ജോലികൾ പൂർത്തിയായതോടെ പൊതുജനങ്ങൾക്കായി ഉടൻ തുറന്നുകൊടുക്കുമെന്ന് പ്രാദേശിക ദിനപത്രമായ ‘അൽറായ’ റിപ്പോർട്ട് ചെയ്തു. നടപ്പാതകൾ, കുട്ടികളുടെ കളിസ്ഥലം, വിശ്രമമുറികൾ, ബാർബിക്യൂ ഏരിയ, തടാകം, ഇവന്റ് ഏരിയ, പ്രാർഥന ഗ്രൗണ്ട്, ഫിറ്റ്നസ് ഉപകരണങ്ങൾ തുടങ്ങി പാർക്കിലെ വിവിധ സൗകര്യങ്ങൾ സന്ദർശകർക്കായി സജ്ജമായിട്ടുണ്ട്.
46,601 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന അൽ വക്റ പാർക്കിന്റെ 70 ശതമാനവും പച്ചപ്പ് വിരിച്ച് നിൽക്കുന്നതിനാൽ പാർക്കിലെ താപനില കുറയുകയും കാർബൺ പുറന്തള്ളൽ കുറക്കാൻ സഹായിക്കുകയും ചെയ്യും. 1980കളുടെ അവസാനത്തിൽ സ്ഥാപിതമായ പഴയ പാർക്ക് പൂർണമായും പൊളിച്ചുനീക്കിയാണ് പുതിയ പാർക്ക് നിർമിച്ചത്. നേരത്തെയുണ്ടായിരുന്ന എല്ലാ സൗകര്യങ്ങൾക്കും പകരം ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളും സ്ഥാപിച്ചതായി പൊതുമരാമത്ത് അതോറിറ്റി അഷ്ഗാൽ അറിയിച്ചു. പുതിയ കളിസ്ഥലങ്ങൾ സ്ഥാപിച്ചതോടൊപ്പം ചെടികളും മരങ്ങളും പ്രത്യേകിച്ച് എപ്പോഴും പച്ചപ്പ് നൽകുന്ന മരങ്ങളും പുതിയ പാർക്കിൽ സംരക്ഷിക്കുന്നുണ്ട്.
അതേസമയം, ഖത്തറിലെ പൊതുപാർക്കുകളുടെയും ഹരിത ഇടങ്ങളുടെയും എണ്ണം ഗണ്യമായി വർധിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കാലയളവിൽ നിരവധി വൃക്ഷത്തെകളാണ് ഖത്തറിൽ നട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. 2019-2022 കാലയളവിൽ 10 ലക്ഷത്തിലധികം വൃക്ഷത്തൈകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നട്ടുപിടിപ്പിച്ചിട്ടുണ്ട്. 2013ൽ 113 പാർക്കുകളാണുണ്ടായിരുന്നതെങ്കിൽ 27 ശതമാനം വർധന രേഖപ്പെടുത്തി പത്ത് വർഷത്തിനിപ്പുറം പാർക്കുകളുടെ എണ്ണം 144 ആയതായും മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം മാത്രം പുതിയ 15 പാർക്കുകളാണ് പ്രവർത്തനമാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.