എ.പി.ജെ അബ്ദുൽകലാം ഇന്നൊവേഷൻ പുരസ്കാരം: ഡി.പി.എസ് ടീം ജേതാക്കൾ;
എം.ഇ.എസ് രണ്ടും, ശാന്തിനികേതൻ മൂന്നും സ്ഥാനങ്ങൾ നേടി
ദോഹ: അതിശയിപ്പിക്കുന്ന ശാസ്ത്ര ചിന്തകളും ഭാവനകളും അവതരിപ്പിച്ച് എജുകഫേ ദേവിയെ ശ്രദ്ധേയമാക്കി എ.പി.ജെ അബ്ദുൽ കലാം ഇന്നൊവേഷൻ അവാർഡിനായി മത്സരിച്ച വിദ്യാർഥികൾ. ഗൾഫ് മാധ്യമം എജുകഫേയുടെ ഭാഗമായി മുൻ രാഷ്ട്രപതിയുടെ പേരിൽ പ്രതിഭാധനരായ വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ പ്രൊജക്ട് അവാർഡുകൾക്കായി ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 14ഓളം ടീമുകളാണ് അവസാന റൗണ്ടിൽ മത്സരിച്ചത്. നേരത്തെ സമർപ്പിച്ച പ്രോജക്ടുകളിൽനിന്നു തിരഞ്ഞെടുത്ത 14 ടീമുകൾ ഫൈനൽ റൗണ്ടിൽ വിദഗ്ധരായ ജഡ്ജിങ് പാനലിനും എജുകഫെയിലെ സദസ്സിനും മുന്നിൽ തങ്ങളുടെ പ്രോജക്ടുകൾ അവതരിപ്പിച്ചു.
കൃഷി, റോബോട്ടിക്സ്, ഹെൽത്ത് ആൻഡ് വെൽനസ്, സ്പേസ്, ന്യൂ എനർജി സൊലൂഷൻ, ഇൻറർനെറ്റ് അനുബന്ധ വിഷയങ്ങൾ, സുസ്ഥിരത എന്നിവയിലാണ് വിവിധ ടീമുകൾ തങ്ങളുടെ നൂതനമായ പദ്ധതികൾ അവതരിപ്പിച്ച് മത്സരത്തിൽ പങ്കെടുത്തത്.
ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി. ഖത്തറിന്റെ മണ്ണിനെ എങ്ങനെ കാർഷിക സമൃദ്ധിയുള്ളതാക്കി മാറ്റാമെന്നതായിരുന്നു ഏറ്റവും നൂതനമായ മാർഗത്തിലൂടെ ഡി.പി.എസ് വിദ്യാർഥികൾ അവതരിപ്പിച്ചത്. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ടീം രണ്ടാം സ്ഥാനം നേടി. ബ്രഡ് അടക്കമുള്ള ഭക്ഷ്യ പദാർത്ഥങ്ങളിൽ ഉപയോഗിക്കപ്പെടുന്ന അപകടകാരിയായ പൊട്ടാസ്യം ബ്രോമൈറ്റ് സൃഷ്ടിക്കുന്ന ഗുരുതരാവസ്ഥകളെ കുറിച്ചും, ഇതിനു പകരം ഉപയോഗിക്കാവുന്ന രാസപദാർഥങ്ങളെ കുറിച്ചും അവതരിപ്പിച്ച പ്രൊജക്ടാണ് രണ്ടാം സ്ഥാനത്തിന് അർഹമായത്.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച കണ്ടൽ ചെടി സംബന്ധിച്ച ഗവേഷണ പ്രൊജക്ടാണ് മൂന്നാം സ്ഥാനം നേടിയത്. ഖത്തറിൽ കാണപ്പെടുന്ന അവിസെന്ന മറിന എന്നിറയപ്പെടുന്ന വൈറ്റ്-ഗ്രേ കണ്ടൽ ചെടികളുടെ ഔഷധ ഗുണം സംബന്ധിച്ചായിരുന്നു ഈ പ്രൊജക്ട് അവതരിപ്പിച്ചത്. ഖത്തറിലെ അകാദമിക്, ഗവേഷണ മേഖലകളിൽ പ്രമുഖരായ ഡോ. ജിതേഷ് പുത്തൻവീട്ടിൽ, ഡോ. നയീം മുള്ളുങ്ങൽ, ഡോ. ഹർഷിത ശൈലേഷ് (ഖത്തർ സർവകാലാശാല) എന്നിവരായിരുന്നു വിധി നിർണയം നടത്തിയത്.
ഡോ. പി.വി ജിതേഷ് (ഹമദ് ബിൻ ഖലീഫ സർവകലാശാല)
‘എ.പി.ജെ അബ്ദുൽകലാം ഇന്നൊവേഷൻ അവാർഡ് ജഡ്ജിങ് പാനലിൽ അംഗമായത് ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളുടെ മികവ് മനസ്സിലാക്കാനുള്ള അവസരമായിരുന്നു. വളരെ വ്യത്യസ്തവും നൂതനവുമായ േപ്രാജക്ടുകളും ഗവേഷണങ്ങളും ഉൽപന്നങ്ങളുമായിരുന്നു വിദ്യാർഥികൾ അവതരിപ്പിച്ചത്. ആശയങ്ങളുടെ വ്യത്യസ്തതപോലെ തന്നെ അവരുടെ അവതരണവും മികച്ചതായിരുന്നു. കുട്ടികളുടെ പ്രതിഭ വികസിപ്പിക്കുന്നതിൽ നിർണായകമായ ഇത്തരം വേദികൾ ഒരുക്കിയതിന് ഗൾഫ് മാധ്യമത്തെ അഭിനന്ദിക്കുന്നു’
ഡോ. നയീം എം (ഖത്തർ സർവകാലാശാല)
‘ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥി പ്രതിഭകളുടെ നൂതനമായ ആശയങ്ങളും കണ്ടെത്തലുകളും പ്രദർശിപ്പിച്ച വേദിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. വിദ്യാർഥികളുടെ പ്രോജക്ടുകളും അവതരണവും പ്രശംസനീയമായിരുന്നു. കൃഷി, പരിസ്ഥിതി, ഭക്ഷ്യ സുരക്ഷ, സുസ്ഥിരത തുടങ്ങിയ വിവിധ മേഖലകളിൽ അവർ അവതരിപ്പിച്ച പ്രോജക്ടുകൾ മികച്ചതായി’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.