അതൊരുത്സവമായിരുന്നു.. നെഞ്ചിനകത്താകെ ഒരു തുകൽപന്തിന്റെ തുടിപ്പും പേറി ഖത്തറിന്റെ ആകാശത്തേക്ക് പറന്നിറങ്ങിയതിനൊടുവിൽ അനുഭവിച്ച സുന്ദരകാവ്യം. അതായിരുന്നു 2022 വേൾഡ് കപ്പ്. ജീവിത സുകൃതമായാണ് ഇങ്ങനെ ഒരു അവസരം ലഭിക്കുന്നത്. മലപ്പുറം വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജിൽ അസി. പ്രഫസറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് ലോകകപ്പിനായി ഖത്തറിലെത്തിയത്. ലോകമെമ്പാടുമുള്ള ആളുകളെ ഫിഫ റിക്രൂട്ട് ചെയ്യുന്ന സമയം എന്റെ നല്ല സമയമായും മാറി. ഫിനാൻസ് ഡിപ്പാർട്മെന്റിലേക്കായിരുന്നു സെലക്ഷൻ.
സ്പോർട്സ് പാഷനായ ഒരാൾക്ക് വിശ്വപോരാട്ടങ്ങൾ നേരിട്ട് കാണുക എന്നത് മഹാഭാഗ്യമാണ്. കുഞ്ഞുന്നാളിൽ ചമ്രവട്ടം അത്താണിപ്പടി കക്കിടിയിൽ ക്ലബുകളിലെയും മറ്റും സ്ക്രീനിൽ ആവേശപൂർവം കണ്ട ലോകകപ്പ് മത്സരങ്ങൾക്ക് നേരിട്ട് സാക്ഷിയാവുകയെന്നത് സ്വപ്നമായിരുന്നു. അത് പൂവണിഞ്ഞ്, ഇഷ്ടതാരങ്ങൾ, ഇഷ്ട ടീം, ഇവരൊക്കെയും ഒരു വിളിപ്പാടകലെ ബൂട്ടുമണിഞ്ഞ് കൺമുന്നിലൂടെ പായുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും അനുഭൂതിയും. ഒരു മെസേജിലൂടെ സലീന ടീച്ചറായിരുന്നു ആ സ്വപ്നത്തിലേക്കുള്ള ലിങ്ക് സമ്മാനിച്ചത്. മറിച്ചൊന്നും പറയാതെ കോളജ് പ്രിൻസിപ്പൽ അവധി അനുവദിക്കുകയും ചെയ്തു.
ഫിനാൻഷ്യൽ കോഓഡിനേറ്റർ ആയിട്ടായിരുന്നു സെലക്ഷൻ ലഭിച്ചത്. സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി ഫുഡ് കോർട്ടുകളിലെ ഫിനാൻസ് മാനേജ് ചെയ്യുക എന്നതായിരുന്നു കർത്തവ്യം. ലുസൈൽ ഉൾപ്പടെ എട്ടോളം സ്റ്റേഡിയങ്ങളിലായി ഗ്രൂപ് സ്റ്റേജ്, പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനലടക്കം 18 മാച്ചുകൾ കാണാൻ കഴിഞ്ഞു. പ്രിയപ്പെട്ട ബ്രസീൽ ടീമിനെയും ലെജൻഡ്സ് മാച്ചിൽ പ്രിയതാരം കക്കായെയും കണ്ടു. കക്കായുടെ ഓട്ടോഗ്രാഫും കിട്ടി.
ഇഷ്ട ടീം ആയ ബ്രസീലിന്റെ പരാജയം ഒഴിച്ചാൽ ഇവിടെ വന്നത് മുതൽ അവസാനം വരെ െചലവഴിച്ച ഓരോ നിമിഷവും വലിയ ബോണസാണ്. ജീവിതാന്ത്യം വരെ ഓർത്തിരിക്കാൻ ഉതകുന്ന ഓർമകൾ സമ്മാനിച്ച മണ്ണാണ് എനിക്കിന്ന് ഖത്തർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.