ദോഹ: ഐക്യരാഷ്ട്രസഭയുടെ 78ാം പൊതുസമ്മേളനത്തിൽ പങ്കെടുത്ത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ലോകനേതാക്കൾ പങ്കെടുത്ത സമ്മേളന സദസ്സിനു മുമ്പാകെ ലോകകപ്പ് ഫുട്ബാളിലൂടെ ഖത്തർ ലോകത്തിന് പകർന്ന പാഠങ്ങളും ലോകസമാധാനത്തിനാവശ്യമായ ഇടപെടലുകളും ഫലസ്തീനിലെയും അഫ്ഗാനിലെയുമെല്ലാം വിഷയങ്ങളും പരാമർശിച്ചായിരുന്നു അമീറിന്റെ 20 മിനിറ്റ് ദൈർഘ്യമേറിയ പ്രസംഗം.
പ്രളയത്തിലും ഭൂകമ്പത്തിലുമായി ലിബിയയിലും മൊറോക്കോയിലും ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേർന്നായിരുന്നു അമീർ പ്രസംഗം ആരംഭിച്ചത്. ഖത്തറിനെയും ഖത്തറിലെ ജനങ്ങളെയും സംസ്കാരത്തെയും അറിയാനുള്ള അവസരമായിരുന്നു കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് ഫുട്ബാളെന്ന് അമീർ വ്യക്തമാക്കി. ഞങ്ങളെ അറിയാനും സംസ്കാരവും മൂല്യവും പഠിക്കാനും ലോകത്തിനുള്ള അവസരമായിരുന്നു ലോകകപ്പ് ഫുട്ബാൾ. ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഖത്തറിന്റെ പദവി സ്ഥാപിക്കാനും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും കഴിഞ്ഞു.
ജനങ്ങളും സംസ്കാരങ്ങളും തമ്മിലെ ആശയവിനിമയത്തിനും പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിലും സ്പോർട്സിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്നതായിരുന്നു ലോകകപ്പ് എന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ സാധാരണ നിലയിലെത്തിക്കുന്നതിനായി ഖത്തറിന്റെ നേതൃത്വത്തിലെ അന്താരാഷ്ട്ര ഇടപെടലുകൾ തുടരുമെന്നും അമീർ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുമായും രാജ്യങ്ങളുമായും ഇതുസംബന്ധിച്ച ചർച്ചകൾക്കായി ഖത്തർ വഴിയൊരുക്കും. പഴയ തെറ്റുകൾ ആവർത്തിക്കാതിരിക്കാനും തീവ്രവാദ സംഘങ്ങളുടെ കേന്ദ്രമാവാതിരിക്കാനും വേണ്ടിയാണിത്.
അഫ്ഗാൻ ജനതക്ക് ആവശ്യമായ അന്താരാഷ്ട്ര പിന്തുണയും സഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മനുഷ്യാവകാശങ്ങൾ, പ്രത്യേകിച്ച് ന്യൂനപക്ഷ അവകാശങ്ങളും വിദ്യാഭ്യാസത്തിനും തൊഴിലെടുക്കാനുമുള്ള സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കാനും പ്രവർത്തിക്കേണ്ടതുണ്ട് -അമീർ വ്യക്തമാക്കി. ഫലസ്തീനിലെ ജനങ്ങളുടെ നീതിയുടെ ശബ്ദമായും അമീറിന്റെ വാക്കുകൾ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് മുഴങ്ങി.
ഇസ്രായേലിന്റെ ആവർത്തിക്കുന്ന കുടിയേറ്റവും അതിക്രമവും ഫലസ്തീൻ ജനതയോടുള്ള നീതിനിഷേധവും എക്കാലവും അവർ തടവുകാരായി തുടരുന്നതും അംഗീകാരിക്കാനാവില്ലെന്ന് അദ്ദേഹം ഉറച്ച വാക്കുകളിൽ വ്യക്തമാക്കി. സിറിയയിൽ ഭരണകൂട അടിച്ചമർത്തലിനിരയാക്കപ്പെടുന്നവർക്ക് നീതി ആവശ്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ലബനാൻ, യമൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിസന്ധികൾ അവസാനിപ്പിക്കണമെന്നും ആവശ്യമുന്നയിച്ചു.
സുരക്ഷ, കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി പ്രശ്നങ്ങൾ, ദാരിദ്ര്യം, തൊഴിലില്ലായ്മ, വംശീയത, യുദ്ധ കുറ്റകൃത്യങ്ങൾ തുടങ്ങിയ പൊതുവിഷയങ്ങളിൽ ലോകനേതാക്കളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.