ദോഹ: രാഷ്ട്രനായകൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ സാക്ഷിയാക്കി അമീർ കപ്പ് ഫുട്ബാളിൽ അൽ സദ്ദ് സ്പോർട്സ് ക്ലബിന്റെ 19ാമത്തെ മുത്തം. എജുക്കേഷനൽ സിറ്റി സ്റ്റേഡിയം നിറച്ച കാണികൾക്കു മുന്നിൽ നടന്ന ആദ്യന്തം ആവേശകരമായ ഫൈനൽ അങ്കത്തിൽ ഖത്തർ സ്പോർട്സ് ക്ലബിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് അൽ സദ്ദ് കിരീടമണിഞ്ഞത്.
പെനാൽറ്റി ഷൂട്ടൗട്ടിലേക്കുന്നറപ്പിച്ചതായിരുന്നു അങ്കം. ഗോളടിക്കാൻ ഇരു ടീമുകളും ഉജ്ജ്വലമായ നീക്കങ്ങൾ നടത്തിയ 90 മിനിറ്റും കഴിഞ്ഞ് കളി, അധിക സമയത്തേക്ക് നീങ്ങിയപ്പോൾ വീറും വാശിയും മുറുകി. എന്നാൽ, എക്സ്ട്രാ ടൈമിലെ 19ാം മിനിറ്റിൽ സൂപ്പർതാരം അക്രം അഫീഫ് രണ്ടാം മഞ്ഞക്കാർഡുമായി മാർച്ചിങ് ഓർഡർ വാങ്ങി പുറത്തായപ്പോൾ അൽ സദ്ദിന് പിരിമുറുക്കം കൂടി. ഗാലറിയിലും നിരാശ പടർന്ന നിമിഷങ്ങൾക്കൊടുവിൽ ലോങ് വിസിലിന് ഏതാനും മിനിറ്റുകൾ ബാക്കി നിൽക്കെയാണ് അൽ സദ്ദിന്റെ വിജയ ഗോൾ പിറക്കുന്നത്. കളിയുടെ 118ാം മിനിറ്റിൽ ഒരു ത്രോയിൽ തുടങ്ങിയ നീക്കത്തിൽനിന്നായിരുന്നു ഗോളിലേക്കുള്ള വരവ്. പന്തുമായി കുതിച്ച പെഡ്രോയുടെ ഷോട്ട്, ഖത്തർ എസ്.സി ഡിഫൻഡർ തടഞ്ഞെങ്കിലും റീ ബൗണ്ട് ചെയ്ത പന്തിനെ അൽ സദ്ദിന്റെ കൊളംബിയൻ താരം മാത്യൂസ് ഉറിബെ വെടിച്ചില്ല് പോലെയൊരു ഷോട്ടിലൂടെ ഖത്തർ എസ്.സിയുടെ വലയിലേക്ക് കയറ്റി. ഗോൾകീപ്പർ സഅതാ അബ്ദുൽ നാസർ അബാസിയെയും മറികടന്ന് പന്ത് ലക്ഷ്യത്തിലേക്ക്.
ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിന്റെ ഭാഗ്യ പരീക്ഷണത്തിന് കാത്തിരിക്കാതെ തന്നെ അൽ സദ്ദ് തങ്ങളുടെ 19ാം അമീർ കപ്പ് സ്വന്തമാക്കി. 2020, 2021 സീസണുകളിൽ കിരീടം ചൂടിയ അൽ സദ്ദിന് കഴിഞ്ഞ രണ്ടു സീസണുകളിൽ കിരീടമില്ലായിരുന്നു. കഴിഞ്ഞ വർഷം അൽ സദ്ദിനു മുന്നിൽ ഫൈനലിൽ കൈവിട്ട കിരീടമാണ് ഇത്തവണ ഖത്തർ എസ്.സിയെ വീഴ്ത്തി സ്വന്തമാക്കിയത്. അതേസമയം, 1975ന് ശേഷം അമീർ കപ്പ് നേടാനുള്ള എതിരാളികളുടെ കാത്തിരിപ്പ് വീണ്ടും ഫൈനലിൽ വീണുടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.