ദോഹ: ഈ സീസണിലെ അമീർ കപ്പ് കലാശപ്പോരാട്ടത്തിൽ അൽ സദ്ദ് ക്ലബ് അൽ അറബിയെ നേരിടും.ദുഹൈലിലെ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ ദുഹൈലിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് കടപുഴക്കിയെറിഞ്ഞാണ് സാവിയും സംഘവും ഫൈനലിലേക്ക് ചുവടുവെച്ചത്.മത്സരം തുടങ്ങി 10ാം മിനിറ്റിൽ തന്നെ അൽ സദ്ദിനെതിരെ ദുഹൈലിെൻറ ആദ്യ വെടി പൊട്ടി. എഡ്മിൽസൺ ജൂനിയറാണ് ലക്ഷ്യംകണ്ടത്.അൽ സദ്ദ് ഗോൾകീപ്പറിെൻറ പിഴവ് മുതലെടുത്താണ് ജൂനിയറിെൻറ ഗോൾ.
ഗോൾ വഴങ്ങിയതോടെ അൽ സദ്ദ് ടീം ഉണർന്നുകളിച്ചെങ്കിലും സമനില ഗോൾ നേടി കളിയിലേക്ക് വരാൻ സാധിച്ചില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിെൻറ ലീഡിൽ ദുഹൈൽ മുന്നിലായിരുന്നു. രണ്ടാം പകുതി ആരംഭിക്കുമ്പോൾ തിരിച്ചടിക്കണമെന്ന് ഉറപ്പിച്ച് ഇറങ്ങിയ അൽ സദ്ദ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 59ാം മിനിറ്റിൽ അതിന് ഫലം ലഭിച്ചു.ബുഅലാം ഖൗഖിയുടെ കിടിലൻ ഹെഡറിൽനിന്ന് അൽ സദ്ദ് സമനില പിടിച്ച് കളിയിലേക്ക് പതിയെ മടങ്ങിവന്നു.
പിന്നീട് സദ്ദിെൻറ തേരോട്ടമായിരുന്നു.അഞ്ചു മിനിറ്റിനുശേഷം വീണ്ടും അൽ സദ്ദിെൻറ ഗോൾ വീണതോടെ ഗാലറി ഇളകിമറിഞ്ഞു. കോവിഡ്–19 പശ്ചാത്തലത്തിൽ പരിമിത അളവിൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു.ഗ്വിലെർമിയാണ് അൽ സദ്ദിനെ മുന്നിലെത്തിച്ച ഗോൾ നേടിയത്. ഒരു ഗോൾ വഴങ്ങി ആദ്യ 50 മിനിറ്റുവരെ പിന്നിൽ നിന്ന അൽ സദ്ദിനെയായിരുന്നില്ല പിന്നീട് കണ്ടത്.വീണുകിട്ടിയ അവസരങ്ങളെല്ലാം അൽ സദ്ദ് മുതലെടുക്കുന്നതായിരുന്നു കണ്ടത്. മറുവശത്ത് സമനില ഗോളിനായി ദുഹൈലിെൻറ പരിശ്രമവും.
77ാം മിനിറ്റിൽ ബാഗ്ദാദ് ബുനജാഹ് സദ്ദിനായി മൂന്നാം ഗോളും നേടിയതോടെ ദുഹൈലിെൻറ പ്രതീക്ഷകൾക്ക് മങ്ങലേറ്റു.മത്സരം അവസാനിക്കാൻ ആറ് മിനിറ്റ് ശേഷിക്കേ ഗോളിയൊഴിഞ്ഞ പോസ്റ്റിലേക്ക് തബാട്ടയുംകൂടി നിറയൊഴിച്ചതോടെ ദുഹൈലിെൻറ പെട്ടിയിലെ അവസാന ആണിയുമടിച്ചു. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിഫൈനലിൽ മർഖിയ ക്ലബിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അൽ അറബി ക്ലബ് അമീർ കപ്പിെൻറ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 1994ന് ശേഷം അൽ അറബി ക്ലബിെൻറ പ്രഥമ അമീർ കപ്പ് ഫൈനൽ പ്രവേശനമാണിത്. ഗറാഫക്കെതിരെയും റയ്യാനെതിരെയും അവിസ്മരണീയ പോരാട്ടത്തിലൂടെ സെമിഫൈനലിലേക്ക് കടന്ന മർഖിയക്ക് പക്ഷേ, അൽ അറബിക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 17ാം മിനിറ്റിൽ മധ്യനിര താരം ആരോൺ ഗുണേഴ്സണും 59ാം മിനിറ്റിൽ സ്ൈട്രക്കർ അബ്ദുൽ അസീസ് അൽ അൻസാരിയുമാണ് അൽ അറബി ക്ലബിനായി ലക്ഷ്യംകണ്ടത്. അൽ അറബി ക്ലബിെൻറ കിരീടവരൾച്ച മാറ്റാനുള്ള സുവർണാവസരമാണ് മുന്നിൽ വന്നിരിക്കുന്നത്.2011ൽ ശൈഖ് ജാസിം കപ്പ് നേടിയതിനുശേഷം ഇതുവരെ ഒരു കിരീടവും ഷോക്കേസിലെത്തിക്കാൻ ക്ലബിന് കഴിഞ്ഞിട്ടില്ല. ഫൈനലിൻെറ ദിവസവും സമയവും വേദിയും പിന്നീട് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.