ദോഹ: ഖത്തറിന്റെ ക്ലബ് ഫുട്ബാളിലെ സൂപ്പർ പോരാട്ടമായ അമീർ കപ്പ് കലാശ അങ്കത്തിന് ലോകകപ്പ് വേദികളിലൊന്നായ അഹമ്മദ് ബിൻ അലി സ്റ്റേഡിയം ആതിഥ്യമൊരുക്കും. മേയ് 12നാണ് 51ാമത് അമീർ കപ്പിലെ ഫൈനൽ അങ്കം. സീസണിലെ സെമി ഫൈനൽ മത്സരങ്ങൾ ഈദ് അവധിക്കാലത്താണ് നടക്കുന്നത്. ഏപ്രിൽ 24, 25 തീയതികളിൽ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് സെമി ഫൈനൽ. ആദ്യ സെമിയിൽ മുൻ ചാമ്പ്യന്മാരായ അൽ സദ്ദ് എസ്.സി അൽ ഷഹാനിയയെ നേരിടും. രണ്ടാം സെമിയിൽ അൽ സൈലിയയും അൽ അറബിയും തമ്മിലാണ് മത്സരം. സീസണിൽ ഉരീദു കപ്പും ഖത്തർ കപ്പും നേടി ഉജ്ജ്വല ഫോമിലായിരുന്ന അൽ ദുഹൈലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ചാണ് അൽ സൈലിയ സെമിയിൽ കടന്നത്. നേരത്തെ 2020 അമീർ കപ്പ് ഫൈനലിനും അഹമ്മദ് ബിൻഅലി സ്റ്റേഡിയം വേദിയായിരുന്നു.
ലോകകപ്പിനായി നവീകരിച്ച് പുതുമോടിയിൽ തയാറായ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കൂടിയായിരുന്നു ഖത്തർ ദേശീയ ദിനത്തിൽ നടന്ന മത്സരം. കളിയിൽ അൽ അറബിയെ വീഴ്ത്തി അൽ സദ്ദ് കിരീടമണിഞ്ഞു. ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ പ്രധാന വേദി കൂടിയായിരുന്ന അഹമ്മദ് ബിൻ അലി ഏഴ് മത്സരങ്ങൾക്ക് ആതിഥേയരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.