ദോഹ: രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ അക്രം അഫിഫ് നേടിയ ഗോളിലൂടെ മുൻ ചാമ്പ്യന്മാരായ അൽ സദ്ദ് അമീർ കപ്പ് ഫുട്ബാളിന്റെ കലാശപ്പോരിന് ഇടം നേടി. ശനിയാഴ്ച രാത്രിയിൽ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ അൽ ദുഹൈലിനെ തോൽപിച്ചാണ് അൽ സദ്ദിന്റെ കുതിപ്പ്. തുല്യശക്തികളുടെ പോരാട്ടമായി മാറിയ മത്സരത്തിൽ 25ാം മിനിറ്റിൽ ദുഹൈലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും മുന്നേറ്റ നിരയിലെ സൂപ്പർ താരം ഫിലിപ് കുടീന്യോക്ക് പിഴച്ചത് തിരിച്ചടിയായി. തുടർന്ന് 46ാം മിനിറ്റിലായിരുന്നു കളിയുടെ വിധി നിർണയിച്ച ഗോൾ അഫിഫ് മാജിക്കിൽ നിന്നും പിറക്കുന്നത്. ദുഹൈൽ പ്രതിരോധ നിരയിലേക്ക് ഡ്രിബ്ൾ ചെയ്ത് കയറിയ അഫിഫ്, രണ്ടു ഡിഫൻഡർമാരെ വകഞ്ഞുമാറ്റി തൊടുത്ത ഷോട്ട് അനായാസം വലയിൽ പതിച്ചു. ഈ ഒരൊറ്റ ഗോളിൽ തൂങ്ങിയായിരുന്നു 18 തവണ അമീർ കപ്പിൽ മുത്തമിട്ട അൽ സദ്ദ് ഫൈനലിലേക്ക് ജൈത്രയാത്ര നടത്തിയത്.
കളിയുടെ 78ാം മിനിറ്റിൽ അൽ ദുഹൈലിനായി മലയാളി താരം തഹ്സിൻ ജംഷിദ് ഫിലിപ് കുടീന്യോയുടെ പകരക്കാരനായി കളത്തിലിറങ്ങുകയും ചെയ്തിരുന്നു. എന്നാൽ, മികച്ച നീക്കങ്ങളിലൂടെ അവസരങ്ങൾ സൃഷ്ടിക്കാനല്ലാതെ ദുഹൈലിന് സമനില നേടി കളിയിൽ തിരിച്ചെത്താൻ കഴിഞ്ഞില്ല.അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നിറഞ്ഞ 16,000ത്തിലേറെ വരുന്ന കാണികളുടെ സാന്നിധ്യത്തിലായിരുന്നു സെമി മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.