ദോഹ: അമീർ കപ്പിനായുള്ള ഷൂട്ടിങ്, അമ്പെയ്ത്ത് ടൂർണമെൻറിന് ലുസൈലിലെ ഖത്തർ ഷൂട്ടിങ് ആൻഡ് ആർച്ചറി അസോസിയേഷൻ ഷൂട്ടിങ് കോംപ്ലക്സിൽ തുടക്കമായി. കോവിഡ് -19 കാരണം ദീർഘകാലമായി മുടങ്ങിയിരുന്ന ഷൂട്ടിങ്, അമ്പെയ്ത്ത് മത്സരങ്ങൾ വീണ്ടും ആരംഭിച്ചതോടെ ഖത്തറിലെ പ്രമുഖ താരങ്ങൾ ഷൂട്ടിങ് റേഞ്ചിലെത്തും. നവംബർ 28ന് അവസാനിക്കുന്ന ചാമ്പ്യൻഷിപ്പ് പി.ഇ.ടി ട്രാപ്പ് മത്സരത്തോടെയാണ് ആരംഭിച്ചത്. ട്രാപ്പ്, പി.ഇ.ടി സ്കീറ്റ്, പി.ഇ.ടി ഡബിൾ ട്രാപ്പ്, പി.ഇ.ടി 25 മീറ്റർ റാപിഡ് ഫയർ, പിസ്റ്റൾ ഇനങ്ങളിലും ഷൂട്ടർമാർ മത്സരിക്കാനിറങ്ങും.
അമീർ കപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും നേരത്തേ തന്നെ പൂർത്തിയായതായും ഷൂട്ടർമാർക്ക് എല്ലാ വിജയാശംസകളും നേരുന്നതായും ക്യു.എസ്.എ.എ സെക്രട്ടറി ജനറൽ മാജിദ് അഹ്മദ് അൽ നഈമി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിെൻറ ഭാഗമായി എല്ലാ മാനദണ്ഡങ്ങളും കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷൂട്ടിങ് റേഞ്ചിലെ പുതിയ താരങ്ങളുടെ പിറവിക്കും ചാമ്പ്യൻഷിപ്പ് സഹായമാകുമെന്ന് ടൂർണമെൻറ് എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അഹ്മദ് താഹിർ പറഞ്ഞു. വളർന്നുവരുന്ന നിരവധി ഷൂട്ടർമാരാണ് ഖത്തറിലുള്ളത്. കഴിഞ്ഞ അമീർ കപ്പിനിടെ ഒരുപിടി മികച്ച താരങ്ങൾ ഉയർന്നുവന്നതായും അദ്ദേഹം വ്യക്തമാക്കി.
ചാമ്പ്യൻഷിപ്പിെൻറ ഷോട്ട് ഗൺ റഫറീസ് സമിതിക്ക് സഈദ് ഹമദ് അൽ ഖഹ്താനി നേതൃത്വം നൽകും. ഗൺ, പിസ്റ്റൾ റഫറീസ് സമിതിക്ക് അഹ്മദ് അബ്ദുറഹ്മാൻ അൽ ജൈദയാണ് നേതൃത്വം വഹിക്കുക. നവംബർ 20ന് സ്കീറ്റ്, ഡബിൾ ട്രാപ്പ് മത്സര ഇനങ്ങൾ നടക്കും. സ്കീറ്റ് മിക്സഡ് ടീമിന മത്സരങ്ങൾ നവംബർ 28നാണ് നടക്കുക. ഇന്നലെ തുടങ്ങിയ അമ്പെയ്ത്ത് മത്സരം ഇന്ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.