ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഹംഗറിയിലെത്തി. ഞായറാഴ്ച വൈകുന്നേരം തലസ്ഥാനമായ ബുഡപെസ്റ്റിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ അമീറിനെ ഹംഗറി സാമ്പത്തിക വികസന മന്ത്രി മാർടൻ നാഗി, ഖത്തർ അംബാസഡർ അബ്ദുല്ല ബിൻ ഫലാഹ് അൽ ദോസരി, ഖത്തറിലെ ഹംഗറി അംബാസഡർ ഫ്രാൻസ് കോറം എന്നിവർ ഉൾപ്പെടെ ഉന്നതസംഘം സ്വീകരിച്ചു. ഹംഗേറിയൻ പ്രസിഡന്റ് കറ്റാലിൻ നൊവാകിന്റെ ക്ഷണം സ്വീകരിച്ചാണ് അമീർ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയത്. ഉന്നത സംഘവും അമീറിനൊപ്പം അകമ്പടിയായുണ്ട്. ദ്രവീകൃത പ്രകൃതിവാതക വിതരണം ഉൾപ്പെടെ വിവിധ കരാറുകളിൽ ഖത്തറും ഹംഗറിയും തമ്മിൽ കരാറിൽ ഒപ്പുവെക്കും. 2027 മുതൽ ഖത്തറിൽനിന്ന് എൽ.എൻ.ജി വാങ്ങുന്നത് സംബന്ധിച്ച ധാരണയിലെത്തിയതായി കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി പീറ്റർ സിജാർതോ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയ ധാരണയായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഹംഗറിയുടെ ഊർജ ആവശ്യത്തിൽ 40 ശതമാനവും റഷ്യയായിരുന്നു നിറവേറ്റിയത്. എന്നാൽ, യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിതരണം മുടങ്ങിയതോടെയാണ് പുതിയ പങ്കാളിയെ തേടുന്നത്.
കൃഷി, അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് അമീറിന്റെ കൂടിക്കാഴ്ചയിൽ ധാരണയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.