ദോഹ: ഖത്തർ മന്ത്രിസഭയിൽ നിർണായകമായ അഴിച്ചുപണികൾ പ്രഖ്യാപിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. വിവിധ മന്ത്രിമാർ തിങ്കളാഴ്ച രാവിലെ അമീരി ദിവാനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. മുനിസിപ്പാലിറ്റി മന്ത്രിയെ മാറ്റി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം ചുമതലയേൽപിച്ചപ്പോൾ, മുൻ ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റും കായിക സംഘാടകനുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി പുതിയ കായിക, യുവജനകാര്യ മന്ത്രിയായി സ്ഥാനമേറ്റു.
മുനിസിപ്പാലിറ്റി മന്ത്രിയായിരുന്ന ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈഇയാണ് പുതിയ പരിസ്ഥിതി- കാലാവസ്ഥ വ്യതിയാന മന്ത്രി. അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യയാണ് പുതിയ മുനിസിപ്പാലിറ്റി മന്ത്രി. നീതിന്യായ കാബിനറ്റ് കാര്യ സഹമന്ത്രിയായി ഇബ്രാഹിം ബിന്‍ അലി ബിന്‍ ഈസ അല്‍ മുഹന്നദി ചുമതലയേറ്റു. വിദേശകാര്യ മന്ത്രാലയത്തില്‍ സഹമന്ത്രിയായി സുൽത്താന്‍ ബിന്‍ സഅദ് ബിന്‍ സുൽത്താന്‍ അല്മുറൈഖിയും സത്യപ്രതിജ്ഞ ചെയ്തു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുള്ള ബിന്‍ ഹമദ് ആൽഥാനി, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
2005 മുതൽ 2023 വരെ ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റായിരുന്ന ശൈഖ് ഹമദ് ലോകകപ്പിനു പിന്നാലെയാണ് സ്ഥാനമൊഴിഞ്ഞത്. എ.എഫ്.സി, ഫിഫ കൗൺസിൽ നേതൃപദവികളും വഹിച്ചിരുന്നു. മികച്ച കായിക സംഘാടകൻ എന്ന കൈയൊപ്പുമായാണ് ഇദ്ദേഹം മന്ത്രിപദവിയിലെത്തുന്നത്. മറ്റു മന്ത്രിമാരുടെ ചുമതലകളിൽ മാറ്റമില്ല.
വാണിജ്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയായി മുഹമ്മദ് ബിൻ ഹസൻ അൽ മൽഖിയെയും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാനായി ഖാലിദ് അഹമ്മദ് സാലിഹ് അഹമ്മദ് അൽ ഉബൈദലിയെയും നിയമിച്ചുകൊണ്ട് അമീർ ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.