ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് നെതർലൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാമിൽ ഊഷ്മളമായ സ്വീകരണം. ആംസ്റ്റർഡാം വിമാനത്താവളത്തിൽ അദ്ദേഹത്തെ അഡ്ജുറ്റൻഡ് ജനറലും മിലിറ്ററി ഹൗസ് തലവനുമായ ലുഡ്ജർ ബ്രുമ്മെലാറും വിദേശകാര്യ മന്ത്രി ഹാൻകെ ബ്രൂയിൻസ് സ്ലോട്ടും നെതർലൻഡ്സിലെ ഖത്തർ അംബാസഡർ ഡോ. മുത്ലഖ് ബിൻ മാജിദ് അൽ ഖഹ്താനി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
ഡച്ച് സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു. വില്ലെം അലക്സാണ്ടർ രാജാവിന്റെ വിശിഷ്ടാതിഥിയായി സന്ദർശിക്കുന്ന അദ്ദേഹം രാജാവുമായും പ്രധാനമന്ത്രി മാർക്ക് റുറ്റെ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഇരുരാഷ്ട്രങ്ങളും വിവിധ കരാറുകളിലും ഒപ്പിടും. ഖത്തർ അമീറിന്റെ ആദ്യ ഡച്ച് സന്ദർശനമാണിത്. നിരവധി വാണിജ്യ, നിക്ഷേപ അവസരങ്ങൾ തുറക്കാൻ സന്ദർശനം വഴിയൊരുക്കുമെന്ന് നെതർലൻഡ്സിലെ ഖത്തർ അംബാസഡർ ഡോ. മുത്ലഖ് ബിൻ മാജിദ് അൽ ഖഹ്താനിയും ഖത്തറിലെ ഡച്ച് അംബാസഡർ ഫെർഡിനാൻഡ് ലാൻസ്റ്റൈനും അറിയിച്ചിട്ടുണ്ട്.
സാമ്പത്തിക മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ പ്രത്യേക യോഗവും സന്ദർശനത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വിവിധ നടപടികളും മേഖലയിലെയും അന്തർദേശീയ തലത്തിലെയും സമീപകാല സംഭവവികാസങ്ങളും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് അമീരി ദിവാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.