ദോഹ: കുവൈത്ത് സാമ്പത്തിക വ്യവസായ മന്ത്രിയും യൂവജനകാര്യ സഹമന്ത്രിയുമായ ഖാലിദ് നാസർ അൽ റൗദാനും സംഘവുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അൽ ബഹ്ർ പാലസിൽ കൂടിക്കാഴ്ച നടത്തി. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിെൻറ അഭിവാദ്യങ്ങളും അന്വേഷണങ്ങളും മന്ത്രി അൽ റൗദാൻ അമീറിന് കൈമാറി. ഖത്തറും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രത്യേകിച്ച് കായിക യുവജനകാര്യ മേഖലയിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു.
കായിക മേഖലയിൽ കുവൈത്തിനായി നിറഞ്ഞ പിന്തുണ നൽകുന്ന ഖത്തറിനുള്ള നന്ദി സംഘം അമീറിനെ അറിയിച്ചു. കുവൈത്തിനെതിരെ രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ ചുമത്തിയ വിലക്ക് നീക്കുന്നതിൽ ഖത്തറിെൻറ ഇടപെടലുകളാണ് ഏറ്റവും നിർണായകമായിരുന്നത്. ഖത്തറിൽ നടക്കാനിരുന്ന ഗൾഫ് കപ്പ് ചാമ്പ്യൻഷിപ്പ് വിലക്ക് നീങ്ങിയതോടെ സംഘാടകത്വം കുവൈത്തിന് നൽകിയ രാജ്യത്തിെൻറ നടപടി ആഗോള ശ്രദ്ധ നേടുകയും ഫിഫ പ്രസിഡൻറ് ജിയോവാനി ഇൻഫൻറീനോ ഖത്തറിന് പ്രത്യേക അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. അഭിവാദ്യങ്ങളും ആശംസകളും അമീർ ശൈഖ് തമീം കൂടിക്കാഴ്ചയിൽ കുവൈത്ത് പ്രതിനിധി സംഘത്തിനെ അറിയിച്ചു.
സ്പോർട്സ് പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. ഹമൂദ് ഫുലൈത്, ശൈഖ് ഹമൂദ് മുബാറക് അൽ ഹമൂദ് അൽ സബാഹ്,കുവൈത്ത് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻറ് ശൈഖ് അഹ്മദ് അൽ യൂസുഫ്, ഡെപ്യൂട്ടി പ്രസിഡൻറ് ശൈഖ് ഫവാസ് മിഷാൽ അൽ സബാഹ് തുടങ്ങി ഉന്നത വ്യക്തിത്വങ്ങൾ സംഘത്തിലുണ്ടായിരുന്നു. അമീറിെൻറ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനിയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.