ഖത്തർ അമീർ തുർക്കിയയിൽ, ഉർദുഗാനുമായി കൂടിക്കാഴ്ച നടത്തി

ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഔപചാരിക സന്ദർശനത്തിനായി തുർക്കിയയിലെത്തി. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

തെക്കുകിഴക്കൻ തുർക്കിയയിലും വടക്കൻ സിറിയയിലും ആയിരക്കണക്കിനാളുകൾ മരിക്കുകയും പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്‌ത വിനാശകരമായ ഭൂകമ്പത്തിന്റെ ഇരകൾക്കായുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവക്കിടെയാണ് അമീറിന്റെ സന്ദർശനം. ദുരന്തത്തിന്റെ ആദ്യ നിമിഷങ്ങൾ മുതൽ തുർക്കിയയിലെയും സിറിയയിലെയും ജനങ്ങളോട് ഐക്യദാർഢ്യം പുലർത്തുന്ന രാജ്യങ്ങളുടെ മുൻനിരയിൽ ഖത്തർ ഉണ്ടായിരുന്നു. ഈ മാനുഷിക ദുരന്തത്തിൽ തുർക്കിയ, സിറിയൻ ജനതയ്‌ക്കൊപ്പം ഖത്തർ നിറഞ്ഞ പിന്തുണയുമായി കൂടെയുണ്ട്. തുർക്കിയയിലെയും സിറിയയിലെയും സഹോദരങ്ങൾക്കൊപ്പം നിൽക്കുമെന്നും ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തന്റെ ഔദ്യോഗിക ‘ട്വിറ്റർ’ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിരുന്നു.


ഭൂകമ്പത്തിന് തൊട്ടുപിന്നാലെ, അമീർ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. ഭൂകമ്പ ദുരന്തത്തിനിരയായ തുർക്കിയയിലെ പ്രസിഡന്റിനോടും അവിടുത്തെ സഹോദരങ്ങളോടും അനുശോചനവും സഹാനുഭൂതിയും അറിയിക്കുകയും ചെയ്തു. ഭൂകമ്പം മൂലമുണ്ടായ ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് തുർക്കിയക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകാനുള്ള ഖത്തർ ഭരണകൂടത്തിന്റെ സന്നദ്ധതയും ഫോൺ സംഭാഷണത്തിൽ അമീർ പ്രകടിപ്പിച്ചു. പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അ​​ദ്ദേഹം ആശംസിച്ചു.

Tags:    
News Summary - Amir Tamim heads to Turkey to meet Erdogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.