ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പോളണ്ട് സന്ദർശനം പൂർത്തിയാക്കി മടങ്ങി. സാമ്പത്തികം, വ്യാപാരം, സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിവിധ കരാറുകളിൽ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനും ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദബന്ധം ദൃഢമാക്കാനുമുള്ള അടുത്ത ഘട്ടത്തിനായി താൻ ഉറ്റുനോക്കുന്നതായി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എക്സിൽ കുറിച്ചു. പോളിഷ് തലസ്ഥാനമായ വാർസോവിൽ ഊഷ്മളമായ വരവേൽപാണ് ഖത്തർ അമീറിന് ലഭിച്ചത്. പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ദുഡയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ വരവേറ്റു.ഇരുവരും വിവിധ വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്തി.
ഖത്തറും പോളണ്ടും തമ്മിൽ കഴിഞ്ഞ വർഷം 4.8 ബില്യൻ റിയാലിന്റെ വ്യാപാരമാണ് നടന്നത്. ഖത്തർ പോളണ്ടിലേക്ക് 3.9 ബില്യൻ റിയാലിന്റെ കയറ്റുമതിയും പോളണ്ടിൽനിന്ന് 897 ദശലക്ഷം റിയാലിന്റെ ഇറക്കുമതിയും നടത്തി. ഇറക്കുമതി പ്രധാനമായും മെമ്മറി സ്റ്റോറേജ് യൂനിറ്റ് ഉൾപ്പെടെ ഡിജിറ്റൽ ഉപകരണങ്ങളാണ്. കയറ്റുമതി കാര്യമായി പെട്രോളിയം ഉൽപന്നങ്ങൾ തന്നെ. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സമകാലിക സംഭവങ്ങൾ ചർച്ചയായതായി പോളിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സയിലെയും യുക്രെയ്നിലെയും യുദ്ധം ചർച്ചയായതായി റിപ്പോർട്ടിൽ പറയുന്നു.
ഖത്തർ പ്രതിനിധി സംഘത്തിൽ അമീരി ദിവാൻ മേധാവി ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ഊർജ സഹമന്ത്രി സഅദ് ബിൻ ഷെരീദ അൽ കഅബി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉണ്ടായിരുന്നു.
സ്വീകരണത്തിന് നന്ദി പറഞ്ഞ അമീർ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും പ്രകൃതി വാതകം, നിക്ഷേപം, സാമ്പത്തിക മേഖലകളിൽ സഹകരണത്തിന് ഏറെ സാധ്യതയുണ്ടെന്നും പറഞ്ഞു. കസാഖ്സ്താൻ തലസ്ഥാനമായ അസ്താനയിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കായി ബുധനാഴ്ചയാണ് ഖത്തർ അമീർ ദോഹയിൽനിന്ന് തിരിച്ചത്. വ്യാഴാഴ്ച അവിടെനിന്നാണ് അദ്ദേഹം പോളണ്ടിലേക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.