ദോഹ: മധ്യേഷ്യൻ രാജ്യങ്ങളുമായി നയതന്ത്ര, വ്യാപാര, നിക്ഷേപ മേഖലയിൽ ബന്ധം ശക്തമാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പര്യടനം. തിങ്കളാഴ്ച വൈകീട്ട് ഉസ്ബകിസ്താനിലെത്തിയ അമീർ ചൊവ്വാഴ്ചയോടെ കിർഗിസ്താനിലെ ബിഷ്കേകിലെത്തി. ഒരു രാത്രിയും പകലും ഉസ്ബകിസ്താനിൽ ചെലവഴിച്ച് വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും രാജകീയ സ്വീകരണം ഏറ്റുവാങ്ങുകയുംചെയ്ത ശേഷമാണ് അടുത്ത രാജ്യത്തേക്ക് പറന്നത്.
അമീറിന്റെയും ഉസ്ബക് പ്രസിഡന്റ് ഷൗകത് മിർസിയോവേവിന്റെയും സാന്നിധ്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണ, നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചു. വ്യാപാര വാണിജ്യമേഖല ശക്തിപ്പെടുത്തൽ, ഇരട്ട നികുതി ഒഴിവാക്കൽ, കസ്റ്റംസ് കാര്യങ്ങളിലെ പരസ്പര സഹകരണം, തൊഴിലാളി റിക്രൂട്മെന്റ്, നയതന്ത്ര പാസ്പോർട്ടുള്ളവർക്ക് യാത്രാവിസ ഒഴിവാക്കൽ, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം എന്നിവയിലെ സഹകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഖത്തറും ഉസ്ബകിസ്താനും തമ്മിൽ കരാറിൽ ഒപ്പുവെച്ചത്.
വിവിധ മന്ത്രാലയങ്ങൾ തമ്മിൽ ധാരണപത്രത്തിലും ഒപ്പുവെച്ചു. ഖത്തറും ഉസ്ബകിസ്താനും തമ്മിൽ രാജ്യങ്ങളിലെ കായിക വികസനങ്ങളിലും സഹകരിക്കും. കാർഷിക മേഖല, ഭക്ഷ്യ സുരക്ഷ എന്നിവയിൽ ദോഹ മുനിസിപ്പാലിറ്റിയും താഷ്കന്റ് മുനിസിപ്പാലിറ്റിയും സഹകരിക്കും.
ചൊവ്വാഴ്ച ഉസ്ബകിസ്താനിലെ ഔദ്യോഗിക സ്വീകരണ പരിപാടിയിൽ പങ്കെടുത്ത അമീർ സമർഖന്ദ് നഗരത്തിൽ പര്യടനം നടത്തി. മ്യൂസിയവും ചരിത്രപ്രാധാന്യമുള്ള നിർമിതികളും അദ്ദേഹം സന്ദർശിച്ചു. മുസ്ലിം ലോകത്തെ ജ്യോതിശാസ്ത്ര വികസനത്തിൽ നിർണായകമായ ഉലുഗ്ബെക് നിരീക്ഷണ കേന്ദ്രവും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.