ദോഹ: പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ തന്നെ ലോകത്തിലെ നമ്പർ വൺ വിമാനത്താവളങ്ങളുടെ പട്ടികയിലിടം നേടിയ ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ അംഗീകാരങ്ങളുടെ ഷോക്കേസിലേക്ക് ഒരു ബഹുമതി കൂടി. ഫ്യൂച്ചർ ട്രാവൽ എക്സ്പീരിയൻസ് ഇന്നവേറ്റ് അവാർഡ്സ് പരിപാടിയിൽ മോസ്റ്റ് ഇന്നവേറ്റിവ് എയർപോർട്ട് ഇനിഷിയേറ്റിവ് അവാർഡാണ് ഹമദ് വിമാനത്താവളം കരസ്ഥമാക്കിയത്. വിമാനത്താവളത്തിന്റെ ഡിജിറ്റൽ ട്വിൻ ടെക്നോളജിക്കാണ് ലോകോത്തര അംഗീകാരം ലഭിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ നവീകരണത്തിനും മികവിനുമുള്ള പ്രതിബദ്ധതയുടെ പ്രതിഫലനം കൂടിയാണ് അവാർഡ്.
അയർലൻഡിലെ ഡുബ്ലിനിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്.വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്നതിലും, തീരുമാനങ്ങൾ എടുക്കുന്നതിലുമെല്ലാം വിപ്ലവകരമായ മാറ്റങ്ങളാണ് ട്വിൻ ടെക്നോളജി വഴിയൊരുക്കിയത്.ഹമദും, പങ്കാളിയായ എസ്.ഐ.ടി.എയുമാണ് പദ്ധതി നടപ്പാക്കിയത്. മെഷീൻ ലേണിങ്ങിന്റെയും നിർമിതബുദ്ധിയുടെയും തടസ്സമില്ലാത്ത സംയോജനത്തിലൂടെ സങ്കീർണമായ വിവര വിശകലനം പ്ലാറ്റ്ഫോമിലൂടെ ലളിതമാകുകയും ചെയ്യുന്നു.
അതോടൊപ്പം കാര്യക്ഷമമായ തീരുമാനങ്ങളെടുക്കുന്നതിൽ ഈ സാങ്കേതികവിദ്യ ഏറെ നിർണായക ഘടകവും കൂടിയായി. വിമാനത്താവളങ്ങളും വിമാന കമ്പനികളും മുന്നോട്ടുവെക്കുന്നതും അവതരിപ്പിക്കുന്നതുമായ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് എഫ്.ടി.ഇ ഇന്നവേറ്റീവ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്. പുത്തൻ സാങ്കേതികവിദ്യകൾ രൂപകൽപന ചെയ്യുന്നതിലും അവതരിപ്പിക്കുന്നതിലും വിമാനത്താവളങ്ങൾക്കിടയിലും എയർലൈനുകൾക്കിടയിലും മത്സരക്ഷമത കൊണ്ട് വരാനും അവരുടെ തകർപ്പൻ സംരംഭങ്ങൾ അവതരിപ്പിക്കാനുമുള്ള വേദി കൂടിയാണ് ഇത്തരം ഇവന്റുകൾ.
ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികൾക്കും വിമാനത്താവളങ്ങൾക്കുമാണ് ഡുബ്ലിനിലെ വേദിയിൽ തങ്ങളുടെ സംരംഭം അവതരിപ്പിക്കാൻ അവസരം ലഭിക്കുക. ഇതിൽനിന്നുമാണ് ഏറ്റവും മികച്ച നൂതന സാങ്കേതികവിദ്യയായ ഡിജിറ്റൽ ട്വിൻ ടെക്നോളജിക്ക് ഹമദ് രാജ്യാന്തര വിമാനത്താവളം വിജയിയായത്.
മറ്റൊരു അന്താരാഷ്ട്ര ബഹുമതി കൂടി ലഭിച്ചത് അഭിമാനകരമാണെന്ന് എച്ച്.ഐ.എ ടെക്നോളജി ആൻഡ് ഇന്നവേഷൻ സീനിയർ വൈസ് പ്രസിഡന്റ് സുഹൈൽ കാമിൽ കദ്രി പറഞ്ഞു. ഗ്രൗണ്ട് ഹാൻഡ്ലർമാരിൽ നിന്നും എയർലൈനുകളിൽ നിന്നുമുള്ള വിവരങ്ങൾ സംയോജിപ്പിച്ച് വിവിധ വ്യോമയാന പങ്കാളികൾക്കിടയിൽ സഹകരണം സുഗമമാക്കുന്നതിൽ ഡിജിറ്റൽ ട്വിൻ ടെക്നോളജി ഏറെ സഹായിക്കുന്നു.
കൂടാതെ മുഴുവൻ എയർപോർട്ടിന്റെയും സമഗ്രമായ കാഴ്ചനൽകുന്ന ത്രിഡി ഇന്റർഫേസ് പ്ലാറ്റ്ഫോമും ഉണ്ട്. മുന്നറിയിപ്പുകളോട് വേഗത്തിൽ പ്രതികരിക്കാനും വിമാനത്താവളത്തിലെ നിർണായക സംവിധാനങ്ങളുടെ ശേഷി നിരീക്ഷിക്കാനും സാധിക്കും.നേരത്തേ, ഖത്തർ ഐ.ടി ബിസിനസ് അവാർഡിൽ സ്മാർട്ട് സൊലൂഷ്യൻ ഓഫ് ദി ഇയർ അവാർഡും ഡിജിറ്റൽ ട്വിൻ ടെക്നോളജിക്ക് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.