ദോഹ: ഒന്നാം നാൾ മുതൽ ഗസ്സക്കൊപ്പം നിൽക്കുകയും യുദ്ധം അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനുമായി ശ്രമിക്കുന്ന രാജ്യമാണ് ഖത്തർ. യുദ്ധക്കെടുതിയിൽ വേവുന്ന ഗസ്സക്ക് മാനുഷിക, ജീവകാരുണ്യ സഹായത്തിനൊപ്പം നയതന്ത്ര ഇടപെടലിലൂടെ ആശ്വാസം നൽകാനും കഴിഞ്ഞ ഒരു വർഷമായി ഖത്തർ രംഗത്തുണ്ട്.
അതിനൊപ്പമാണ്, വിവിധ കലാ, സാംസ്കാരിക മേഖലകൾ ഉപയോഗപ്പെടുത്തിയും ഈ മണ്ണ് ഫലസ്തീനികളോട് ഐക്യപ്പെടുന്നത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണം ഒരുവർഷം തികയുേമ്പാൾ ഇവിടെ മുശൈരിബ് മ്യൂസിയം മറ്റൊരു ഗസ്സ ഐക്യദാർഢ്യവുമായി ശ്രദ്ധേയമാകുന്നു.
‘ഗസ്സയിലെ കുട്ടികൾക്ക് വേണ്ടി’ എന്ന പ്രമേയത്തിലെ ഖത്തറിലെയും ഫലസ്തീനിലെയും ഉൾപ്പെടെ കലാകാരന്മാരെ അണിനിരത്തി തുടരുന്ന പ്രദർശനം ഒരേസമയം ഗസ്സയുടെ സന്ദേശവും അവർക്കുള്ള പിന്തുണയുമാണ്.
സെപ്റ്റംബർ 25ന് ആരംഭിച്ച പ്രദർശനം ഒക്ടോബർ 19 വരെ തുടരുേമ്പാൾ ഓരോ ദിവസവും എത്തുന്നത് ആയിരത്തോളം സന്ദർശകരാണ്. മുശൈരിബ് മ്യൂസിയത്തിലെ ബിൻ ജൽമൂദ് ഹൗസിലാണ് പ്രദർശനം പുരോഗമിക്കുന്നത്. ഗസ്സയും ഫലസ്തീനും യുദ്ധത്തിന്റെ ഭീകരതയുമെല്ലാം നിറയുന്ന കാൻവാസ് കഴിഞ്ഞ പതിറ്റാണ്ടുകളായി ഒരു നാട് അനുഭവിക്കുന്ന പീഡനത്തിന്റെ നേർക്കാഴ്ചയാകുന്നു.
ഗസ്സയുടെ മുറിവിനെ കാഴ്ചക്കാരിലേക്ക് പകരുന്നതിനൊപ്പം, ഈ കലാ പ്രദർശനത്തിൽനിന്നുള്ള വരുമാനത്തിൽ വലിയൊരു ശതമാനം ഖത്തർ ചാരിറ്റിയുടെ ഗസ്സ സഹായനിധിയിലേക്ക് മാറ്റിവെക്കുകയും ചെയ്യുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ മുശൈരിബിൽ ‘ഇക്കോ ഓഫ് ലോസ്റ്റ് ഇന്നസൻസ്’ എന്ന പേരിൽ ടെഡി ബിയർ പ്രദർശനം നടത്തിയ ബഷീർ മുഹമ്മദിന്റെ നൂറോളം സൃഷ്ടികളും ഇവിടെയുണ്ട്.
ഇതിനു പുറമെ, 54 കലാകാരന്മാരുടെ സൃഷ്ടികളാണ് ‘ഫോർ ദി ചിൽഡ്രൻസ് ഓഫ് ഗസ്സ’യിലുള്ളത്. ഖത്തരി കലാകാരന്മാരായ യൂസുഫ് അഹ്മദ്, വഫിക സുൽത്താൻ, മുഹമ്മദ് അൽ ഹമ്മാദി, ഫലസ്തീനിൽനിന്നുള്ള ഹസൻ മനസ്റാ, കുലുദ് കസബ് തുടങ്ങി പ്രമുഖരും ഭാഗമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.