ദോഹ: ഗസ്സയിൽ ഇസ്രായേൽ ആക്രമണം മൂന്നു മാസം പിന്നിട്ടിട്ടും തുടരുന്നതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തറിലെത്തി. സമാധാന- വെടിനിർത്തൽ ശ്രമങ്ങൾ ലക്ഷ്യത്തിലെത്താതെ വിഫലമാവുന്നതിനിടെ ആരംഭിച്ച മധ്യപൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ഭാഗമായാണ് ബ്ലിങ്കൻ ഞായറാഴ്ച ദോഹയിലെത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തിയത്.
ജനുവരി നാലിന് ആരംഭിച്ച പര്യടനത്തിൽ തുർക്കിയ, ഗ്രീസ്, ജോർഡൻ രാജ്യങ്ങളിൽ ബ്ലിങ്കൻ പര്യടനം നടത്തിയിരുന്നു. യു.എ.ഇ, സൗദി, ഇസ്രായേൽ, ഈജിപ്ത് എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ സന്ദർശിക്കും. ഗസ്സയിലെ സ്ഥിതിഗതികളും സംഘർഷത്തിന്റെ നിലവിലെ സാഹചര്യങ്ങളും ചർച്ച ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അടിയന്തര വെടിനിർത്തലും മേഖലയിലെ നിരപരാധികളായ ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണമെന്ന് അമീർ ആവർത്തിച്ച് ആവശ്യമുന്നയിച്ചു. സംഘർഷം മേഖലയിലെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും ആവശ്യപ്പെട്ടു. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയും പങ്കെടുത്തു.
ലെബനാനിലെ ഇസ്രായേൽ ആക്രമണവും, ഇറാനിലെ ഇരട്ട സ്ഫോടനവുമായി മേഖലയിൽ പ്രക്ഷുബ്ധാവസ്ഥ മാറ്റമില്ലാതെ തുടരുന്നതിനിടെ യുദ്ധം മേഖലയിലെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗം കൂടിയാണ് ബ്ലിങ്കന്റെ പര്യടനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.