ദോഹ: 25ാം വയസ്സിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് തൃശൂർ വലപ്പാട് സ്വദേശിയായ എ.പി. മണികണ്ഠൻ. യുവത്വത്തിന്റെ ചുറുചുറുക്കിൽ വലപ്പാട് പഞ്ചായത്തിന്റെ ഭരണചക്രം നിയന്ത്രിച്ച അനുഭവ സമ്പത്തുമായി 2005ൽ ഖത്തറിലേക്ക് പ്രവാസിയായെത്തിയ മണികണ്ഠന്റെ കൈകളിലേക്ക് ഇതു രണ്ടാം തവണയാണ് ഖത്തറിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ അധ്യക്ഷ പദവിയെത്തുന്നത്.
വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലം ശനിയാഴ്ച രാത്രി പുറത്തുവരുമ്പോൾ എതിർ സ്ഥാനാർഥിയേക്കാൾ ബഹുദൂരം മുന്നിലായിരുന്നു ഇദ്ദേഹം. എംബസി അപെക്സ് സംഘടനയായ ഐ.സി.സിയുടെ അധ്യക്ഷ പദവിയിൽ വീണ്ടുമെത്തുമ്പോൾ 2019-2020 കാലയളവിൽ പ്രസിഡന്റായി പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്ത് ആത്മവിശ്വാസം നൽകുന്നുവെന്ന് മണികണ്ഠൻ പറയുന്നു.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ കലാ,സാംസ്കാരിക മേഖലകളിൽ നേതൃ പദവി വഹിക്കുന്ന ഐ.സി.സിയെ കൂടുതൽ ജനകീയമാക്കുന്നതിലും വ്യത്യസ്ത പരിപാടികളുമായി തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസികളിൽ കൂടുതൽ സ്വീകാര്യത നൽകുന്നതിലും നേരത്തേയുള്ള കാലയളവിൽ കഴിഞ്ഞു. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോൾ വോട്ടർമാർ അർപ്പിച്ച വിശ്വാസത്തിന് ദൗത്യനിർവഹണത്തിലൂടെ നന്ദിയർപ്പിക്കുമെന്ന് ഇദ്ദേഹം പറയുന്നു.
‘അനുഭവ സമ്പത്തുള്ള ടീമാണ് ഒപ്പമുള്ളത്. കൂട്ടായ സംഘം എന്ന നിലയിൽ മുന്നോട്ടുപോകും. നാട്ടിൽനിന്നും തെഴിൽ തേടിയെത്തിയ പ്രവാസികളിൽ കലയെ സ്നേഹിക്കുന്ന എല്ലാവർക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി ഐ.സി.സിയെ മാറ്റും.
ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്കാരം, കല, ജീവിതം ഉൾപ്പെടെ എല്ലാം പ്രദർശിപ്പിക്കാനും പ്രവാസികൾക്കിടയിൽ പരിചയപ്പെടുത്താനും ഐ.സി.സിയുടെ പ്ലാറ്റ്ഫോമിന് കഴിയും. വിവിധ സംസ്ഥാനങ്ങളുടെ തനത് കലകൾ ഭാവി തലമുറകളിലേക്ക് പരിചയപ്പെടുത്താൻ കൂടി കഴിയുന്ന വേദിയായി കൾച്ചറൽ സെന്റർ മാറും.
പാസേജ് ടു ഇന്ത്യ ഉൾപ്പെടെ പതിനായിരങ്ങൾ പങ്കെടുക്കുന്ന കലാ പരിപാടികൾ അതിന്റെ ഭാഗമാണ്. ഇതിന്റെയെല്ലാം തുടർച്ച എന്നതിനൊപ്പം എല്ലാ വിഭാഗം പ്രവാസികളിലേക്കും ഇറങ്ങിചെല്ലാൻ പരിശ്രമിക്കും’-എ.പി. മണികണ്ഠൻ ‘ഗൾഫ് മാധ്യമ’വുമായി പങ്കുവെച്ചു.
കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹൈസ്കൂൾ അധ്യാപികയായ സീനയാണ് ഭാര്യ. ഖത്തറിൽ തന്നെയുള്ള അഭിനവ് മണികണ്ഠൻ, ബംഗളൂരുവിൽ എം.ബി.ബി.എസ് വിദ്യാർഥിയായ അദ്വൈത് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.