ദോഹ: ചെടികളും മരങ്ങളും പാർക്കുകളുമായി ഖത്തറിലെ ഹരിത ഇടങ്ങൾ കൂടുതൽ മേഖലകളിലേക്ക് പച്ചപിടിക്കുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 2.3 ശതമാനം വർധിച്ച് രാജ്യത്തെ പച്ചപ്പിന്റെ വിസ്തൃതി 18 ദശലക്ഷം ചതുരശ്ര മീറ്ററിലെത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം റിപ്പോർട്ട്. മന്ത്രാലയം പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവിട്ടത്. 2030ഓടെ ഒരു കോടി വൃക്ഷങ്ങൾ എന്ന സംരംഭത്തിന് കീഴിൽ ഇതുവരെ 8.40 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചു. ഈ വർഷം ഏഴ് പുതിയ പാർക്കുകൾ കൂടി പൊതുജനങ്ങൾക്കായി തുറന്നു നൽകുകയും, പൊതു പാർക്കുകളുടെ എണ്ണം 150 ലെത്തിക്കുകയും ചെയ്തു.
വിഷൻ 2030ന് കീഴിൽ ഭക്ഷ്യസുരക്ഷ, ഡിജിറ്റലൈസേഷൻ, ജീവിതനിലവാരവും ജനക്ഷേമവും മെച്ചപ്പെടുത്തൽ, നഗര മാനവികവത്കരണം എന്നീ മേഖലയിൽ മന്ത്രാലയം ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച വർഷമായിരുന്നു 2024 എന്ന് എക്സ് പ്ലാറ്റ്ഫോമിൽ മന്ത്രാലയം രേഖപ്പെടുത്തി. ഭക്ഷ്യോൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ മുനിസിപ്പാലിറ്റി മന്ത്രാലയം ശ്രദ്ധേയമായ നേട്ടമാണ് ഈ വർഷം കൈവരിച്ചത്. ഉൽപാദനക്ഷമതയുള്ള 950 ഫാമുകളുടെ ജൈവകൃഷി വിസ്തൃതി ഈ വർഷത്തോടെ നൂറുശതമാനമാക്കി വർധിപ്പിക്കാൻ മന്ത്രാലയത്തിന് സാധിച്ചു.വിപണന, കാർഷിക സേവനങ്ങൾക്കായുള്ള മഹാസീൽ കമ്പനിയുടെ പിന്തുണയോടെ 2024 ൽ പ്രാദേശിക ഫാമുകൾ ഉൽപാദിപ്പിച്ച 26 ദശലക്ഷം കിലോ പച്ചക്കറികൾ വിൽപന നടത്തി.
മന്ത്രാലയം നൽകിയ കാർഷിക യന്ത്രവത്കരണ സേവനങ്ങളിൽനിന്ന് രാജ്യത്തെ 1237 ഫാമുകൾ ഗുണഭോക്താക്കളായി. ചെമ്മരിയാട്, ആട്, ഒട്ടകം, പശുക്കൾ എന്നിവയുൾപ്പെടെയുള്ള കന്നുകാലികളുടെ എണ്ണം 14 ലക്ഷത്തിലെത്തിക്കാനും മന്ത്രാലയത്തിന് സാധിച്ചു. പ്രതിദിനം പതിനായിരം സന്ദർശകരെ ഉൾക്കൊള്ളാൻ സാധിക്കുന്ന റൗദത് അൽ ഹമാമ പാർക്ക് തുറന്നുകൊടുത്തത് മന്ത്രാലയത്തിന്റെ നേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. 1,76,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ 1,38,000 ചതുരശ്ര മീറ്ററും ഹരിത ഇടങ്ങളാണ്. കൂടാതെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ (1197 മീറ്റർ) ശീതീകരിച്ച ഔട്ട്ഡോർ ട്രാക്കും പാർക്കിന്റെ പ്രധാന സവിശേഷതയാണ്. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ആരോഗ്യ, വിനോദ കേന്ദ്രങ്ങളായി നിരവധി പാർക്കുകളും ഹരിത ഇടങ്ങളും പൂന്തോട്ടങ്ങളുമാണ് മന്ത്രാലയം വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്ത് ഹരിത ഇടങ്ങൾ വർധിപ്പിക്കാൻ നിരവധി ദേശീയ സംരംഭങ്ങൾക്ക് മന്ത്രാലയം തുടക്കം കുറിച്ചിരുന്നു. പത്ത് ദശലക്ഷം വൃക്ഷത്തൈകൾ നടുന്ന സംരംഭം ഇതിൽ പ്രധാന പദ്ധതിയാണ്. പുതിയ പൊതു പാർക്കുകൾ വികസിപ്പിക്കുന്നതിനും, പഴയതും ജീർണിച്ചതുമായ പാർക്കുകൾ പുനഃസ്ഥാപിക്കുന്നതിലും അന്താരാഷ്ട്ര നിലവാരത്തിൽ പരിപാലിക്കുന്നതിനും മന്ത്രാലയം ഏറെ ശ്രദ്ധ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.