അ​റ​ബ്​ ക​പ്പി​നി​ടെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ക​മ​ന്‍റ​റി വ​ഴി ക​ളി ആ​സ്വ​ദി​ക്കു​ന്ന ആ​രാ​ധ​ക​ൻ

നിങ്ങളുടെ ശബ്ദത്തിൽ അവർ കളി കാണട്ടെ...

ദോഹ: അകക്കാഴ്ചകൊണ്ട് കളി കാണുന്നവരുടെ മനസ്സിലേക്ക് മൈതാനത്തെ ഓരോ നീക്കങ്ങളും തെല്ലും ആവേശം കുറയാതെ വാക്കുകളിലൂടെ എത്തിക്കാൻ നിങ്ങൾക്ക് താൽപര്യമുണ്ടോ? എങ്കിൽ നിങ്ങളുടെ സേവനം ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിക്ക് ആവശ്യമുണ്ട്. അറബിയിലും ഇംഗ്ലീഷിലുമായി മനോഹരമായ ഭാഷയിൽ ഫുട്ബാളിന്‍റെ ത്രിൽ ഒട്ടും കുറയാതെ കാഴ്ച പരിമിതർക്ക് പറഞ്ഞുനൽകാനുള്ള കമന്‍റേറ്റർ പരിശീലന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിച്ച് തുടങ്ങാം. താൽപര്യമുള്ളവർ ഒരു മിനിറ്റ് ദൈർഘ്യമുള്ള കമൻററിയുടെ ഓഡിയോ സഹിതം അപേക്ഷിക്കണം. ഇഷ്ടമുള്ള ഏതെങ്കിലും ഫുട്ബാൾ മത്സരത്തിന്‍റെ അറബിയിലോ ഇംഗ്ലീഷിലോ ഉള്ള കമന്‍ററിയാണ് റെക്കോഡ് ചെയ്ത് നൽകേണ്ടത്. സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്യേണ്ടതില്ല.

കമന്‍ററിയുടെ മികവും അതോടൊപ്പം വ്യക്തിയുടെ മികവും അടിസ്ഥാനമാക്കി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാർച്ച് 19മുതൽ പരിശീലനം നൽകിത്തുടങ്ങും. ഒക്ടോബർ വരെയാണ് ട്രെയ്നിങ് നടക്കുക. https://tii.qa/ADC22 എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയും ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ട്രാൻസ്ലേഷൻ ആൻഡ് ഇന്‍റർപ്രെട്ടിങ് ഇൻസ്റ്റിറ്റ്യൂട്ട്, സെന്‍റർ ഫോർ അക്സസ് ടു ഫുട്ബാൾ ഇൻ യൂറോപ് (കഫേ) എന്നിവരുമായി ചേർന്നാണ് പരിശീലനം നൽകുക. വിജരകരമായി പരിശീലനം പൂർത്തിയാക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലോകകപ്പിന്റെ തത്സമയ കളി വിവരണത്തിന്‍റെയും ഭാഗമാവാൻ കഴിയും. കാഴ്ചപരിമിതർക്കായി 2014 മുതൽ ഫിഫ പ്രധാന മത്സരങ്ങളുടെ തത്സമയ വിവരണ സൗകര്യം ഒരുക്കുന്നുണ്ട്.

കഴിഞ്ഞ അറബ് കപ്പിലാണ് അറബിക് ഭാഷയിൽ ഈ സൗകര്യം ആരംഭിച്ചത്. മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തുകൊണ്ട് ശബ്ദവിവരണത്തിലൂടെ കളി ആസ്വദിക്കാനാണ് ഇതുവഴി സൗകര്യം ഒരുക്കുന്നത്. ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടവർക്ക് കളിയാവേശം തെല്ലും നഷ്ടപ്പെടാതെ ആസ്വദിക്കാമെന്നതാണ് ഈ കമന്‍ററിയുടെ മികവ്. അറബ് കപ്പിൽ ഏറെ വിജയം കണ്ട കമന്‍ററി, ലോകകപ്പിലും തുടരാൻ തീരുമാനിച്ചതായി ഖത്തർ 22 സസ്റ്റയ്നബിലിറ്റി സീനിയർ മാനേജർ ജോസ് റെടാന പറഞ്ഞു. അറബ് കപ്പിനിടയിൽ, അറബി ഭാഷയിൽ ലഭിച്ച കളിവിവരണം ഫുട്ബാൾ ആരാധകനായ തനിക്ക് ഏറെ ഉപകാരപ്പെട്ടതായി അന്ധനായ ഫുട്ബാൾ പ്രേമി ഫൈസൽ അൽ കുഹാജി പറയുന്നു. 

Tags:    
News Summary - Applications invited to give football commentary for the visually impaired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.