ദോഹ: യൂത്ത് ടീമുമായെത്തിയ സൗദി അറേബ്യക്ക് ഫിഫ അറബ് കപ്പിലെ ആദ്യ അങ്കത്തിൽ അടിതെറ്റി. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ബുധനാഴ്ച രാത്രി നടന്ന മത്സരത്തിൽ ജോർഡനാണ് ഏകപക്ഷീയമായ ഒരു ഗോളിന് സൗദിയെ തോൽപിച്ചത്. യുവതാരങ്ങൾക്ക് അവസരം നൽകിയ സൗദിക്കെതിരെ വിങ്ങുകളെ ചടുലമാക്കിയാണ് ജോർഡൻ കളിച്ചത്. മഹ്മൂദ് മർദിയുടെ മിന്നുന്ന ഹെഡർ ക്രോസ് ബാറിൽ തട്ടിത്തെറിച്ചപ്പോൾ സൗദി അമ്പരന്നു. തുടർച്ചയായ ആക്രമണങ്ങളിലൂടെ ജോർഡൻ മേധാവിത്വം സ്ഥാപിച്ച ആദ്യ പകുതി. രണ്ടാം പകുതിയിൽ ഇരുവരും പത്തിലേക്ക് ചുരുങ്ങി. 53ാം മിനിറ്റിൽ സൗദിയുടെ തുർകി അൽ അമ്മാറിനെ വീഴ്ത്തിയതിന് ജോർഡെൻറ ഡിഫൻഡർ ഇഹ്സാൻ ഹദ്ദാദ് നേരിട്ട് ചുവപ്പുകാർഡും കണ്ടു പുറത്തായി. പത്തിലേക്ക് ചുരുങ്ങിയിട്ടും ജോർഡൻ ആക്രമണം കുറച്ചില്ല. ഒടുവിൽ 62ാം മിനിറ്റിൽ സൗദി ഡിഫൻഡറുടെ ബൂട്ടിൽ തട്ടി റീബൗണ്ട് ചെയ്ത പന്ത് അടിച്ചുകയറ്റിയ മഹ്മൂദ് മർദിയുടെ ഷോട്ട് ഖലിഫ അൽദവസ്റിയുടെ ടച്ചിലൂടെ വലയിലേക്ക്. സെൽഫ് ഗോളിലൂടെ ജോർഡൻ മുന്നിൽ. ഒടുവിൽ അതേ ഖലിഫ 81ാം മിനിറ്റിൽ ഫൗളിന് റെഡ്കാർഡുമായി പുറത്താവുകയും ചെയ്തു. ഇരു ടീമുകളും പത്തുപേരുമായാണ് കളി പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.