ദോഹ: ലോകചാമ്പ്യന്മാരായി മടങ്ങിയ അർജന്റീനയുടെ അയൽക്കാർ എന്ന പത്രാസിൽ ഖത്തറിൽ താമസിക്കാൻ മോഹമുണ്ടോ...? എങ്കിൽ ഒട്ടും താമസിക്കേണ്ട. ഇതാണ് നിങ്ങളുടെ സുവർണാവസരം. ലയണൽ മെസ്സിയും ഡിപോളും എയ്ഞ്ചൽ ഡി മരിയയും കളത്തിൽ പന്തുതട്ടുമ്പോൾ അവർക്ക് ഗാലറിയിൽ 12ാമനായി ഊർജം പകർന്ന അർജന്റീനക്കാരായ ആരാധകക്കൂട്ടം ലോകകപ്പ് വേളയിൽ താമസിച്ച കേന്ദ്രമാണ് കഥയിലെ താരം. ലോകകപ്പ് വേളയിൽ ഖത്തറിലെത്തിയ 35,000ത്തോളം അർജന്റീനക്കാരുടെ താമസ ഇടമായ അൽ വക്റയിലെ കെട്ടിട സമുച്ചയങ്ങളാണ് ‘അർജന്റീന നൈബർഹുഡ്’ എന്ന പേരിൽ പുതിയ താമസക്കാർക്കായി കാത്തിരിക്കുന്നത്.
ലോകകപ്പ് കാണികളുടെ താമസത്തിനൊരുക്കി, പിന്നീട് രാജ്യത്തെ റെസിഡൻഷ്യൽ ഫ്ലാറ്റുകളാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് അർജന്റീന ആരാധകർ തങ്ങിയ ഈ ഫ്ലാറ്റുകൾ ലോകകപ്പ് സ്മരണകളുമായി പുതിയ താമസക്കാരിലെത്തുന്നത്. ഖത്തറിലെ പ്രമുഖ പ്രോപ്പർട്ടി ആൻഡ് ഫെസിലിറ്റി മാനേജ്മെന്റ് സർവിസ് കമ്പനിയായ ‘വസീഫാണ്’ അർജന്റീന നൈബർഹുഡ് ആശയത്തിനു പിന്നിൽ. തൊഴിലാളികൾക്കുള്ള പാർപ്പിട സമുച്ചയമായാണ് ഇവ മാറ്റുന്നത്. 1404 ഹൗസിങ് യൂനിറ്റുകളുള്ള ഇവിടെ 16,848 മുറികളാണുള്ളത്. ഇവിടങ്ങളിൽ 67,392 പേർക്ക് താമസിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. തൊഴിലാളികൾക്കുള്ള പാർപ്പിടകേന്ദ്രം എന്ന നിലയിൽ പദ്ധതി പരിചയപ്പെടുത്താനായി വസീഫ് മാനേജ്മെന്റ് കമ്പനി പ്രതിനിധികൾക്കായി അവതരണയോഗം നടത്തി. തൊഴിലാളികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ താമസ സാഹചര്യം ഉറപ്പാക്കുന്ന സ്മാർട്ട് സിറ്റി സാങ്കേതികത്വങ്ങളോടെയാണ് ഇവിടം ഒരുക്കിയത്. പ്രാദേശിക മാർക്കറ്റ്, മറ്റ് അനുബന്ധ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാം ഉൾക്കൊള്ളുന്നതാണിത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒഴുകിയെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന അർജന്റീന ആരാധകർ ഒരു കമ്യൂണിറ്റിയായി കഴിഞ്ഞ കേന്ദ്രം അതേ ഓർമയോടെ ‘അർജന്റീന നൈബർഹുഡ്’ എന്ന പേരിൽ പുതിയ പാർപ്പിട സമുച്ചയമായി മാറിയ ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഓരോ മത്സരദിനങ്ങളിലും രാത്രിയും പകലും വ്യത്യാസമില്ലാതെ ആഘോഷങ്ങളുടെ കേന്ദ്രമാക്കി ശ്രദ്ധ നേടിയ തെരുവുകളിയുടെ ഓർമയിൽ എക്കാലവും സ്മരിക്കപ്പെടുന്നതിനെ ആരാധകരും സ്വാഗതം ചെയ്യുന്നു. പുറത്ത് അടുപ്പുകൂട്ടി അർജന്റീന ഭക്ഷണങ്ങൾ പാകംചെയ്തും ഡീഗോ മറഡോണയുടെ ചിത്രം പതിച്ച കൂറ്റൻ ബാനർ ഉയർത്തിയും രാവും പകലും വാദ്യമേളങ്ങൾ കൊട്ടി പാട്ടുപാടിയും കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ ആഘോഷത്തെരുവായ ഇടമായിരുന്നു വക്റയിലെ ബർഹാത് അൽ ജനൂബ് എന്ന ഈ സമുച്ചയങ്ങൾ. ലോകകപ്പിനു പിന്നാലെ, ഏപ്രിൽ മുതൽ പേരുമാറി, കവാടത്തിൽ അർജന്റീന ദേശീയപതാകയിലെ സൂര്യനെ വരച്ചിടുകയും നീലകമാനങ്ങൾ ഉയരുകയും ചെയ്തതോടെ ഇവിടം ഹിറ്റായി മാറി. ചിത്രങ്ങൾ പങ്കുവെച്ച് തങ്ങൾ താമസിച്ച ഇടത്തിന്റെ മാറ്റം പഴയ താമസക്കാർ സമൂഹമാധ്യമങ്ങളിലും വാഴ്ത്തുന്നു.
മിസൈദ് റോഡിൽ അൽവക്റ സെൻട്രൽ മാർക്കറ്റിനു സമീപമാണ് ഈ നീണ്ട പാർപ്പിട സമുച്ചയങ്ങൾ. ബർവ റിയൽ എസ്റ്റേറ്റ് പദ്ധതിയുടെ ഭാഗമായി ഈ കെട്ടിടങ്ങൾ വിവിധ കമ്പനികൾക്ക് തങ്ങളുടെ തൊഴിലാളികൾക്കുള്ള പുതിയ ഹൗസിങ് യൂനിറ്റാക്കുന്നതിന്റെ ഭാഗമായാണ് വസീഫ് നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രസന്റേഷൻ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.