ദോഹ: വികസന പ്രവർത്തനങ്ങളിൽ പാരിസ്ഥിതിക സുസ്ഥിരതയും അന്താരാഷ്ട്ര നിലവാരവും ഉറപ്പാക്കുന്നതിന് വിവിധ സംരംഭങ്ങളുമായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ). സമീപകാല റിപ്പോർട്ടുകൾ പ്രകാരം അഷ്ഗാൽ റോഡ് ശൃംഖലയുടെ കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കുന്നതിന് ഏറ്റവും പുതിയ സംവിധാനങ്ങളും സാങ്കേതികവിദ്യകളുമാണ് ഉപയോഗിച്ചുവരുന്നത്.
സുസ്ഥിരത കൈവരിക്കുന്നതിനായി നിർമാണ പ്രവർത്തനങ്ങളിൽ റീസൈക്ലിങ് ചെയ്ത വസ്തുക്കൾ ഉപയോഗിക്കുന്നു. അസംസ്കൃത വസ്തുക്കളുടെ 49 ശതമാനവും റീസൈക്ലിങ് ചെയ്ത വസ്തുക്കളാണെന്നും പദ്ധതികളിൽ ഇതുവരെ 11 ദശലക്ഷം ടണ്ണിലധികം റീസൈക്കിൾ ചെയ്തവ ഉപയോഗിച്ചതായും അഷ്ഗാൽ അറിയിച്ചു. ദോഹയുടെ വടക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലായി മൂന്നു നിർമാണ സാമഗ്രികളുടെ റീസൈക്ലിങ് സോണുകൾ അഷ്ഗാൽ സ്ഥാപിച്ചിട്ടുണ്ട്.
അഷ്ഗാലിന്റെ റീസൈക്ലിങ് സോണുകൾ, ലാൻഡ്ഫിൽ നിർമാർജനത്തിനുള്ള ഗതാഗത ദൂരം ശരാശരി 60 കിലോമീറ്റർ കുറക്കാനും സഹായിച്ചു. ഇതോടൊപ്പം ഇറക്കുമതി ചെയ്ത നിർമാണ സാമഗ്രികളുടെ അളവും പദ്ധതികളിൽ കുറക്കാനായി. കാർബൺ പുറന്തള്ളൽ കുറക്കുന്നതിലും ഇവ ഗണ്യമായ പങ്ക് വഹിച്ചു. ബിറ്റുമെൻ ഉപയോഗത്തിനായി മെച്ചപ്പെടുത്തിയ വസ്തുവായി റബർ ടയറുകളുടെ പുനരുപയോഗമാണ് അഷ്ഗാൽ പദ്ധതികളിലെ സുസ്ഥിര സംരംഭങ്ങളിലൊന്ന്. 2023ൽ ആയിരത്തിലധികം ടൺ ആണ് ഇങ്ങനെ ഉപയോഗപ്പെടുത്തിയത്.
ഇതിനുപുറമേ നിലവിലുള്ള റോഡുകളിൽനിന്ന് വീണ്ടെടുത്ത അസ്ഫാൽറ്റ് പുതിയ വികസന പദ്ധതികളിൽ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാനും അഷ്ഗാൽ ശ്രമിക്കുന്നു. കഴിഞ്ഞ വർഷം 93,000 ടൺ ആണ് ഇങ്ങനെ പുതിയ റോഡുകളിൽ ഉപയോഗിച്ചത്. രണ്ട് മില്യൻ ടൺ അടിസ്ഥാന പാളികളിലും എട്ട് മില്യൻ ടൺ ബാക്ക്ഫിൽ ജോലികളിലും 1,76,000 ടൺ പൈപ്പ്, കേബിൾ ഇൻസുലേഷനുമുള്ള വസ്തുവായും ഉപയോഗപ്പെടുത്തി.റോഡുകൾ, പാലങ്ങൾ, മലിനജല ശൃംഖലകൾ എന്നിവ സ്കാൻ ചെയ്ത് അതിന്റെ ഈടും ബലവും വർധിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾ കുറക്കുന്നതിനുമായി ഏറ്റവും പുതിയ സുസ്ഥിര സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതായി അഷ്ഗാൽ റിപ്പോർട്ടിൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.