ദോഹ: ഖത്തറിന്റെ ഒളിമ്പിക്സ്, ലോകചാമ്പ്യൻ മുഅതസ് ബർഷിമിനെ ഈ വർഷത്തെ ഏറ്റവും മികച്ച ഏഷ്യൻ പുരുഷ കായിക താരമായി തിരഞ്ഞെടുത്തു. ഏഷ്യൻ അത്ലറ്റിക്സ് അസോസിയേഷൻ രൂപവത്കരണത്തിന്റെ 50 വർഷം ആഘോഷിക്കുന്ന വേളയിലാണ് ഖത്തറിന്റെ സൂപ്പർതാരത്തെ വീണ്ടുമൊരിക്കൽ വൻകരയുടെ മികച്ച താരമായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ ദിവസം തായ്ലൻഡിലെ ബാങ്കോക്കിൽ പ്രഖ്യാപനം നടത്തി. 2018ൽ വൻകരയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ബർഷിമിനെ രണ്ടാം തവണയാണ് മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കുന്നത്. ബർഷിമിന്റെ പിതാവ് ഈസ ബർഷിം പുരസ്കാരം ഏറ്റുവാങ്ങി. ഖത്തർ അത്ലറ്റിക്സ് ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് ഈസാ അൽ ഫദല അഭിനന്ദിച്ചു.
2012 ലണ്ടൻ ഒളിമ്പിക്സിലും 2016 റിയോ ഒളിമ്പിക്സിലും ഹൈജംപിൽ വെള്ളിയും 2020 ടോക്യോ ഒളിമ്പിക്സിൽ സ്വർണവും നേടിയ ബർഷിം 2017, 2019, 2022 ലോകചാമ്പ്യൻഷിപ്പുകളിലെയും സ്വർണ ജേതാവാണ്. നിലവിൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ചൈനയിലെ ഹാങ്ഷുവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ബർഷിം. ഡയമണ്ട് ലീഗ്, ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ഉൾപ്പെടെ മത്സരങ്ങളും മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.