ദോഹ: ലോകകപ്പ് ഫുട്ബാളിനു പിന്നാലെ ഖത്തറിൽ കളിയുടെ ഉത്സവരാവൊരുക്കിയ ഏഷ്യൻ കപ്പിന്റെ ഉദ്ഘാടന ചടങ്ങിനെ തേടി അന്താരാഷ്ട്ര പുരസ്കാരം. ജനുവരി 12ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിനാണ് മികച്ച പ്രൊഡക്ഷനുള്ള ഈ വർഷത്തെ ടി.പി.ഐ.എം.ഇ.എ അവാർഡ് ലഭിച്ചത്. ദുബൈയിലെ ഹാർഡ് റോഡക് കഫേയിൽ നടന്ന ഷോയിലായിരുന്നു പ്രഖ്യാപനം. പോപ് സെൻസേഷൻ എഡ് ഷീറൻ ടൂറിനെയും, എം.ഡി.എൽ ബീസ്റ്റ് സൗണ്ട്സ്റ്റോം 2023 ഇവന്റിനെയും പിറകിലാക്കിയാണ് ഖത്തർ മൂന്നാമതും വേദിയായ ഏഷ്യൻ കപ്പിന്റെ ഉദ്ഘാടന ചടങ്ങ് അഭിമാനകരമായ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക ടോട്ടൽ പ്രൊഡക്ഷൻ പുരസ്കാരം കരസ്ഥമാക്കിയത്.
കതാറ കൾചറൽ വില്ലേജിലെ കതാറ സ്റ്റുഡിയോ നിർമിച്ച ദി ലോസ്റ്റ് ചാപ്റ്റർ ഓഫ് കലീല ആൻഡ് ദിംനയുടെ തത്സമയ പതിപ്പ് ഉൾപ്പെടെ വിസ്മയിപ്പിക്കുന്ന കലാ പ്രകടനങ്ങളാണ് ഖത്തർ-ലബനാൻ ഉദ്ഘാടന മത്സരത്തിന് മുമ്പായി ലുസൈൽ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. കലീലയുടെയും ദിംനയുടെയും കഥപറച്ചിലിനൊപ്പം മരുഭൂമിയിൽ നിന്നുള്ള ഫാൽക്കണുകളും ഒറിക്സുകളും ഉദ്ഘാടന ചടങ്ങുകൾക്ക് മികവേകി. ഖത്തറിൽ നിന്നുള്ള ദാന അൽ മീറായിരുന്നു ഒറിക്സിന്റെ വേഷമിട്ടത്. ഫൈറൂസിന്റെ റോസ് ഓഫ് ഓൾ സിറ്റീസ് എന്ന കൃതിയെ ഹൃദ്യമായി ചിത്രീകരിക്കുകയും ചെയ്തവർ. ഇസ്രായേലിന്റെ ക്രൂര ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഫലസ്തീനികൾക്ക് വേണ്ടി ശബ്ദമുയർത്തിയും ഉദ്ഘാടന ചടങ്ങ് വേറിട്ടുനിന്നു.
പതിവിൽ നിന്ന് വ്യത്യസ്തമായി ആതിഥേയ രാജ്യത്തിന്റെ ക്യാപ്റ്റൻ ഹസൻ ഹൈദ്രൂസ് വേദിയിലെത്തിയത് ഫലസ്തീൻ ക്യാപ്റ്റനായ മുസ്അബ് അൽ ബത്തതുമായാണ്. അദ്ദേഹത്തിന് മൈക്രോഫോൺ കൈമാറി അദ്ദേഹത്തിന്റെ ശബ്ദത്തിന് പ്രാധാന്യം നൽകിയതും വാർത്തകളിലിടം നേടിയിരുന്നു. ഉദ്ഘാടന ചടങ്ങുകൾക്ക് പിന്നിൽ അണിനിരന്ന എല്ലാവർക്കും, ദൈവത്തിനും ഈ നേട്ടത്തിൽ നന്ദി അറിയിക്കുന്നുവെന്ന് കതാറ സ്റ്റുഡിയോ സി.ഇ.ഒ അഹ്മദ് അൽ ബാക്കിർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 2022 ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ഉദ്ഘാടന ചടങ്ങുകളും നേരത്തെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.