ദോഹ: സൗദിയിൽ നടക്കുന്ന ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ഖത്തറിന് ഇന്ന് കിരീടപ്പോരാട്ടം. ശനിയാഴ്ച രാത്രിയിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇറാനെ തരിപ്പണമാക്കിയായിരുന്നു ഖത്തറിന്‍റെ കുതിപ്പ്. ടൂർണമെന്‍റിൽ ഇതുവരെ തോൽവി അറിയാതെ കുതിച്ച ഖത്തർ, സെമിയിൽ ഇറാനെ 34-19 സ്കോറിന് വീഴ്ത്തി. മറ്റൊരു സെമിയിൽ ബഹ്റൈൻ സൗദി അറേബ്യയെ 29-20ന് തോൽപിച്ച് ഫൈനലിൽ കടന്നു. തിങ്കളാഴ്ച വൈകീട്ട് ആറിനാണ് ഫൈനൽ പോരാട്ടം.
നിലവിലെ ചാമ്പ്യന്മാരും നാലു തവണ ഏഷ്യൻ കിരീടവും സ്വന്തമാക്കിയ ഖത്തർ തുടർച്ചയായ മൂന്ന് ജയങ്ങളും സ്വന്തമാക്കിയാണ് പ്രാഥമിക ഗ്രൂപ് റൗണ്ടിൽ മുന്നിലെത്തിയത്. സൗദി, കൊറിയ, ഉസ്ബകിസ്താൻ ടീമുകൾ മത്സരിച്ച മെയിൻ ഗ്രൂപ് റൗണ്ടിലും വിജയം തുടർന്ന് ഗ്രൂപ് ജേതാക്കളായി സെമിയിൽ കടന്നു. ഇതേ പ്രകടനം സെമിയിൽ ഇറാനെതിരെയും തുടർന്നു. ജനുവരി 18 മുതൽ തുടർച്ചയായി ഏഴ് മത്സരങ്ങളിലും മികച്ച മാർജിനിൽ ജയം നേടിയാണ് ഇപ്പോൾ ഫൈനലിൽ ഇടം നേടിയത്. 2014, 2016, 2018, 2020 വർഷങ്ങളിലാണ് നേരത്തെ ഖത്തർ ഏഷ്യൻ കിരീടമണിഞ്ഞത്. ആദ്യമൂന്ന് കിരീട നേട്ടത്തിലും ബഹ്റൈൻ തന്നെയായിരുന്നു ഫൈനലിലെ എതിരാളി. നാളെയും കിരീടനേട്ടം ആവർത്തിച്ചാൽ തുടർച്ചയായി അഞ്ചാം തവണയാവും ഖത്തറിന്‍റെ ഏഷ്യൻ കിരീട വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.