ദോഹ: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലെ പ്രവാസി വോട്ടർമാരുടെ എണ്ണം 93,415 മാത്രം. തെരഞ്ഞെടുപ്പ് ആവേശത്തിൽ പ്രവാസികൾ നാട്ടിലുള്ളവരേക്കാൾ മുന്നിലാണെങ്കിലും മഹാഭൂരിപക്ഷവും വോട്ടർ പട്ടികക്ക് പുറത്താണ്. 24 ലക്ഷം മലയാളികൾ വിവിധ വിദേശരാജ്യങ്ങളിലായുണ്ട്. പുരുഷന്മാർ: 87,318. സ്ത്രീകൾ: 6,086. ട്രാൻസ്ജെൻഡർമാർ: 11 എന്നിങ്ങനെയാണ് പ്രവാസി മലയാളി വോട്ടർമാരുടെ വിവരങ്ങൾ. കഴിഞ്ഞ ജനുവരി 20ന് ഇറക്കിയ പട്ടികയിൽ 90,709 പേരാണുണ്ടായിരുന്നത്.
അതിന് ശേഷം അപേക്ഷ സമർപ്പിച്ച് വോട്ടർമാരായത് 2,076 പേരാണ്. പ്രവാസി വോട്ടർമാർ ഏറ്റവും കൂടുതലുള്ള ജില്ല കോഴിക്കോടാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രവാസി വോട്ടർമാർ 66,584 ആയിരുന്നു. 26,831 പേരാണ് അതിന് ശേഷം പേര് ചേർത്തത്. വോട്ടർപട്ടികയിൽ പേര് ഉണ്ടോ എന്നറിയാൻ www.ceo.kerala.gov.in/electoralrolls.html എന്ന ലിങ്ക് സന്ദർശിക്കണം. ഒാരോ ബൂത്തിലെയും വോട്ടർപട്ടികയുടെ അവസാനം പ്രത്യേകമായാണ് പ്രവാസി വോട്ടർമാരുടെ പേരുകളുണ്ടാവുക.
പ്രവാസിവോട്ടറായി പട്ടികയിലില്ലാത്ത പ്രവാസികളും സാധാരണ വോട്ടറായി പട്ടികയിലുണ്ടാവാനിടയുണ്ട്. എന്നാൽ ചട്ടപ്രകാരം അവർ പ്രവാസി വോട്ടറായി തന്നെ പട്ടികയിൽ പേര് ചേർക്കണം. കേന്ദ്രസർക്കാർ പ്രവാസി വോട്ട് നടപ്പാക്കിയാൽ പ്രവാസി എന്ന നിലയിൽ പട്ടികയിൽ പേരുള്ളവർക്കായിരിക്കും വോട്ടവകാശം ഉണ്ടാവുകയെന്നും പ്രവാസി സാമൂഹികപ്രവർത്തകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.