ദോഹ: ഫലസ്തീനിലെ ചെറുത്തുനിൽപ്പ് പ്രസ്ഥാനമായ ഹമാസിെൻറ രാഷ്ട്രീയകാര്യ മേധാവി ഡോ. ഇസ്മാഇൗൽ ഹനിയ്യ ദോഹയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ഞായറാഴ്ച ചർച്ച നടത്തി. ഗസ്സയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ കഴിഞ്ഞദിവസമാണ് നിലവിൽവന്നത്. വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിൽ ഖത്തറിെൻറ വിവിധ നടപടികൾ നിർണായകമായിരുന്നു.
ഫലസ്തീനിന് എല്ലാവിധ പിന്തുണയും സഹായവും നൽകുന്നതിന് ഖത്തറിന് ഇസ്മാഇൗൽ ഹനിയ്യ നന്ദി അറിയിച്ചു. ഇസ്രായേൽ ആക്രമണങ്ങൾ നിർത്തുന്നതിൽ ഖത്തർ മികച്ച പങ്കാണ് വഹിച്ചത്. അതിലൂടെ ശാന്തമായ അന്തരീക്ഷമാണ് ഇപ്പോൾ ഗസ്സയിൽ ഉള്ളത്.
ഫലസ്തീന് തുടർന്നും ഖത്തറിെൻറ പിന്തുണ അമീർ വാഗ്ദാനം ചെയ്തു. ദേശീയതാൽപര്യങ്ങൾ നേടുന്നതിൽ ഫലസ്തീനിലെ എല്ലാ കക്ഷികളും ഒരുമിച്ചുനിൽക്കേണ്ടതിെൻറ പ്രാധാന്യം അമീർ എടുത്തുപറഞ്ഞു. 1967ലെ അതിർത്തി പ്രകാരം കിഴക്കൻ ജറൂസലം തലസ്ഥാനമാക്കിയുള്ള സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രമാണ് പ്രശ്നത്തിനുള്ള ശാശ്വതപരിഹാരമെന്ന ഖത്തർ നിലപാട് അമീർ ആവർത്തിച്ചു. മേഖലയുടെയും ലോകത്തിെൻറയും സ്ഥിരതക്കും സമാധാനത്തിനുമുള്ള മാർഗവും അതാണ്. ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുനേതാക്കളും വിശകലനം ചെയ്തു. ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സയുടെ പുനർനിർമാണകാര്യങ്ങളും ചർച്ചയായിട്ടുണ്ട്.
ശനിയാഴ്ച ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി അമീർ ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. ഫലസ്തീനിനുള്ള ഖത്തറിെൻറ വിവിധ സഹായങ്ങൾ തുടരുകയാണ്. 'നമ്മൾ എല്ലാവരും ഫലസ്തീനികൾ' എന്നപേരിൽ ഫലസ്തീനിനായി 60 മില്യൻ റിയാൽ സമാഹരിക്കാൻ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി കാമ്പയിൻ തുടങ്ങിയിട്ടുണ്ട്. ഗസ്സ, ഖുദ്സ്, വെസ്റ്റ്ബാങ്കിലെ നിരവധി പട്ടണങ്ങൾ തുടങ്ങിയവയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്ന സ്ഥലങ്ങളിൽ നടത്തുന്ന അടിയന്തര സഹായ പദ്ധതിയുടെ രണ്ടാംഘട്ടമായാണിത്. 5,93,000 ഫലസ്തീനികൾ ഇതിെൻറ ഗുണഭോക്താക്കളാകും. www.qrcs.qa/pal എന്ന ഖത്തർ റെഡ്ക്രസൻറിെൻറ വെബ്സൈറ്റ് സന്ദർശിച്ചാണ് കാമ്പയിനിലേക്ക് സംഭാവന നൽകേണ്ടത്.
ഇത്തവണ ഇസ്രായേൽ ആക്രമണം തുടങ്ങിയ ഉടൻ ഒരു മില്യൻ ഡോളർ ഖത്തർ ഫലസ്തീനിനായി നൽകിയിരുന്നു. ഖത്തര്‍ ചാരിറ്റിയും സഹായപദ്ധതി നടത്തുന്നുണ്ട്. ചാരിറ്റിയുടെ വെബ്സൈറ്റ്, ആപ്, ഖത്തറിലെ വിവിധ ഓഫിസുകള്‍ തുടങ്ങിയവ വഴി സംഭാവനകള്‍ നല്‍കാം. 44667711 എന്ന നമ്പറില്‍ നേരിട്ട് വിളിച്ചും സംഭാവന ഏല്പിക്കാം.
പത്തുവർഷത്തിലധികമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ഫലസ്തീൻ റെഡ്ക്രസൻറ് സൊസൈറ്റിയുമായി സഹകരിച്ച് ജീവകാരുണ്യ ചികിത്സ സഹായങ്ങൾ നൽകുന്നുണ്ട്.ഗസ്സയിലെ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ആസ്ഥാനം പ്രവർത്തിക്കുന്ന കെട്ടിടത്തിന് നേരെയും ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.