ദോഹ: കരിപ്പൂർ എയർപോർട്ട് തകർക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് കൾചറൽ ഫോറം മലപ്പുറം ജില്ല കമ്മിറ്റി പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു. 2015ൽ റൺവേ കാർപ്പറ്റിങ്ങിന്റെ പേരിൽ റദ്ദ് ചെയ്യപ്പെട്ട വലിയ വിമാനങ്ങൾ നിരന്തര പോരാട്ടത്തിന്റെ ഫലമായി സർവിസ് പുനരാരംഭിക്കാനിരിക്കെ റൺവേ സേഫ്റ്റി ഏരിയ വർധിപ്പിച്ച് നീളം ചുരുക്കുന്നത് കേരളത്തിലെ മറ്റ് എയർ പോർട്ടുകൾ നടത്തുന്ന സ്വകാര്യ കമ്പനികൾക്ക് വേണ്ടി കരിപ്പൂരിനെ തകർക്കാനാണ്. ഇതിന് അനുകൂലമായ നിലപാടെടുക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ജനവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ കൂട്ടുനിൽക്കുകയും അതുവഴി മലബാറിലെ വികസനത്തിന് തുരങ്കംവെക്കുകയുമാണ്.
ബന്ധപ്പെട്ട അധികാരികൾ ഈ തീരുമാനത്തിൽനിന്ന് പിന്മാറണമെന്നും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ അടിയന്തരമായി എയർപോർട്ട് വികസിപ്പിക്കാൻ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടു. കരിപ്പൂർ എയർപോർട്ട് തകർക്കാനുള്ള ശ്രമത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങൾക്കും കൾചറൽ ഫോറം മലപ്പുറത്തിന്റെ പിന്തുണയുണ്ടാകുമെന്നും പ്രമേയത്തിലൂടെ അറിയിച്ചു. കൾചറൽ ഫോറം മലപ്പുറം ജില്ല സംഘടിപ്പിച്ച നേതൃസംഗമത്തിലായിരുന്നു പ്രമേയ അവതരണം. കറന്റ് അഫയേഴ്സ് സെക്രട്ടറി നബീൽ പ്രമേയാവതരണം നടത്തി. ജില്ല പ്രസിഡന്റ് പി. റഷീദലി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.