ദോഹ: ലോകസാമ്പത്തിക മേഖലയിലെ പുതു സാധ്യതകളും ചിന്തകളും പങ്കുവെക്കുന്ന ഖത്തർ സാമ്പത്തിക ഫോറം പുതുമയുള്ള ചർച്ചകളാലും സമ്പന്നമാണ്. അത്തരത്തിൽ ഒന്നായിരുന്നു ‘30,000 അടി ഉയരെ നിന്നുള്ള പുതിയകാര്യങ്ങൾ’ എന്ന പേരിൽ നടന്ന വ്യോമയാന മേഖലയിലെ ചിന്തകൾ പങ്കുവെക്കുന്ന ചർച്ച.
ലോകം ഏറ്റവും ആശ്രയിക്കുന്ന യാത്രാ മേഖല കൂടിയായ ആകാശ സഞ്ചാരം സംബന്ധിച്ച് ചിന്തകൾ പങ്കുവെച്ചത് ഈ മേഖലയിലെ ഏറ്റവും ശ്രദ്ധേയയരും. ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർ, വിമാന നിർമാണ കമ്പനിയായ ബോയിങ്ങിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ ഡോവിഡ് എൽ കാൾഹൂൻ എന്നിവർ പങ്കെടുത്ത ചർച്ച ശ്രദ്ധേയമായി.
വ്യാപാരം, യാത്ര, വിനോദം തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ എപ്പോഴും വ്യോമയാനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അക്ബർ അൽ ബാകിർ പറഞ്ഞു. ‘ആളുകൾ എപ്പോഴും യാത്ര ചെയ്യുന്നവരാണ്. വ്യോമയാന മേഖല തന്നെയാണ് അവരുടെ ഏറ്റവും വലിയ ആശ്രം.
ബിസിനസ്, വിനോദം, വ്യാപാരം, സാമ്പത്തിക വികസനം തുടങ്ങി നമ്മുടെ ജീവിതത്തിന്റെ വിവിധ മേഖലകലെല്ലാം വ്യോമയാന മേഖല വലിയ പങ്ക് വഹിച്ച് കൊണ്ടിരിക്കുന്നുവെന്നും വിമാന യാത്രക്ക് പകരം വെക്കാൻ ഇന്ന് മറ്റൊന്നില്ലെന്നും’ അക്ബർ അൽ ബാകിർ വ്യക്തമാക്കി.
ചർച്ചക്കിടെ കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കാനായി വിമാനത്തിന് പകരം ബോട്ടിൽ വന്ന ഫിന്നിഷ് പെൺകുട്ടിയെക്കുറിച്ച് പ്രത്യേകം പരാമർശിച്ചു. ബോട്ടിൽ ദൂരത്തിന്റെ ഒരു ഭാഗം പിന്നിട്ടുവെങ്കിലും സമയപരിമിതി കാരണം അവളുടെ യാത്രയുടെ ഭൂരിഭാഗവും ഇപ്പോഴും വിമാനയാത്രയെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള വ്യോമയാന മേഖലയുടെ കൂട്ടായ ശ്രമങ്ങളെ അംഗീകരിക്കുമ്പോൾ തന്നെ 2050ഓടെ നെറ്റ്-സീറോ എമിഷൻ നേടുകയെന്ന ലക്ഷ്യത്തെക്കുറിച്ച് അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
സുസ്ഥിര വ്യോമയാന ഇന്ധനത്തിന്റെ പരിമിതമായ ഉൽപാദനവും ഹൈഡ്രജൻ സാങ്കേതികവിദ്യയുടെ പ്രാരംഭഘട്ടങ്ങളും നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ നിശ്ചിത ലക്ഷ്യം കൈവരിക്കുന്നാനുള്ള പ്രാപ്തിയെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.