ദോഹ: വിമാനത്താവള സുരക്ഷ കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥർക്ക് സുരക്ഷാ ശിൽപശാല സംഘടിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന്റെ വിമാനത്താവള സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഹമദ് വിമാനത്താവളവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചത്. 55ഓളം ഓഫിസർമാർ ശിൽപശാലയിൽ പങ്കെടുത്തു.
വിമാനത്താവള സുരക്ഷയിലെ അനുഭവങ്ങൾ പങ്കുവെക്കൽ, സുരക്ഷാ ഉദ്യോഗസ്ഥർക്കും വിവിധ വിഭാഗങ്ങൾക്കുമിടയിലെ ആശയ വിനിമയം കാര്യക്ഷമമാക്കൽ, ഏറ്റവും നൂതനമായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിച്ച് പ്രവർത്തനം മെച്ചപ്പെടുത്തൽ എന്നിവയായിരുന്നു ലക്ഷ്യം.
സുരക്ഷ, സിവിലിയൻ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ കൂടി പങ്കാളിത്തത്തോടെ മുൻകാല കേസുകളുടെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ സുരക്ഷാ ക്രമീകരണം ശക്തിപ്പെടുത്തുകയാണ് ശിൽപശാലയിലൂടെ ലക്ഷ്യമിട്ടതെന്ന് എയർപോർട്ട് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മേജർ സായിദ് റാഷിദ് അൽ നുഐമി പറഞ്ഞു. എയർപോർട്ട് സുരക്ഷയും യാത്രക്കാരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനും പ്രവർത്തന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാധ്യമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.