ദോഹ: ‘അല്ലാഹു അക്ബർ... വലില്ലാഹിൽഹംദ്...’ തക്ബീർ മുഴക്കി ഈദ്ഗാഹുകളിലും പള്ളികളിലുമെത്തി നമസ്കാരത്തിൽ പങ്കുചേർന്നും സൗഹൃദം പങ്കുവെച്ചും ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള വിശ്വാസിസമൂഹം ബലിപെരുന്നാൾ ആഘോഷിച്ചു.
ബുധനാഴ്ച രാവിലെ 5.01നായിരുന്നു രാജ്യത്തിന്റെ എല്ലായിടങ്ങളിലും ബലിപെരുന്നാൾ നമസ്കാരം നടന്നത്. പള്ളികളും ഈദ്ഗാഹുകളുമായി 610 കേന്ദ്രങ്ങളിൽ നമസ്കാര സൗകര്യം ഒരുക്കിയിരുന്നു. വിശ്വാസികൾ അതിരാവിലെതന്നെ നമസ്കാര സ്ഥലങ്ങളിലേക്ക് ഒഴുകിയെത്തി. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് ചൂട് കുറഞ്ഞതിന്റെ ആശ്വാസം കൂടിയുണ്ടായിരുന്നു. പ്രഭാത നമസ്കാരവും കഴിഞ്ഞ് വിശ്വാസികൾ നമസ്കാര സ്ഥലങ്ങളിലേക്ക് ഒഴുകിത്തുടങ്ങിയതോടെ റോഡുകളിലും തിരക്കേറി.
എന്നാൽ, ഗതാഗതക്കുരുക്കുകൾ ഒഴിവാക്കാൻ ട്രാഫിക് പൊലീസ് സംഘം സജീവമായി രംഗത്തുണ്ടായിരുന്നു. ചൊവ്വാഴ്ച തന്നെ രാജ്യത്ത് പെരുന്നാൾ അവധി ആരംഭിച്ചതിനാൽ രാത്രിയെ പകലാക്കി തെരുവുകളും ഷോപ്പിങ് മാളുകളും പുലരുവോളം സജീവമായി.
അതിരാവിലെ നടന്ന നമസ്കാര സ്ഥലങ്ങളിലെത്താൻ നാലു മണി മുതൽതന്നെ വിശ്വാസികൾ പുറപ്പെട്ടിരുന്നു. യാത്ര എളുപ്പമാക്കാൻ 4.30 മുതൽ ദോഹ മെട്രോ സർവിസും ആരംഭിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യവും നമസ്കാരകേന്ദ്രങ്ങളിൽ ശ്രദ്ധേയമായിരുന്നു. അറബ്, ഇസ്ലാമിക ലോകത്തിനും മാനവരാശിക്കും നന്മകൾക്കായി പ്രാർഥിച്ചും, ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകൾ പുതുക്കിയും ഹജ്ജിന്റെ സന്ദേശവും ഇമാമുമാർ ഖുതുബയിൽ ഉദ്ബോധിപ്പിച്ചു.
നമസ്കാരശേഷം, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമെല്ലാം കൂടിച്ചേരലിനും ഓർമപുതുക്കലിനുമെല്ലാം ഈദ് നമസ്കാരവേദികൾ സാക്ഷിയായി. നമസ്കാരത്തിനു പിന്നാലെ ബലി അറുക്കാനും ബലിമാംസ വിതരണത്തിനും ഖത്തർ ചാരിറ്റി വഴിയും അറവുശാലകൾ വഴിയും സൗകര്യമൊരുക്കിയിരുന്നു.
ദോഹ: വിശ്വകളികൾകൊണ്ട് വിസ്മയിപ്പിച്ച മണ്ണ് വീണ്ടും വിശ്വാസികൾക്ക് നമസ്കാരത്തിനായി തുറന്നുനൽകിയപ്പോൾ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. ബലിപെരുന്നാൾ ദിനത്തിൽ ഖത്തറിലെ ഏറ്റവും ശ്രദ്ധേയം എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെ ഈദ് നമസ്കാരമായിരുന്നു.
രാവിലെ അഞ്ചിന് ആരംഭിക്കാനിരുന്ന നമസ്കാരത്തിനായി നാലുമണിക്ക് മുമ്പുതന്നെ സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകൾ തുറന്നുനൽകി. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്വദേശികളും പ്രവാസികളും ഉൾപ്പെടെ പലരാജ്യക്കാർ ഒഴുകിയെത്തി. സ്വന്തം വാഹനങ്ങളിലെത്തിയവർക്ക് വിശാലമായ പാർക്കിങ് സൗകര്യവും ദോഹ മെട്രോ കയറി വന്നവർക്ക് സ്റ്റേഡിയത്തിലെത്താൻ ട്രാം സർവിസുമുണ്ടായിരുന്നു. നമസ്കാരം ആരംഭിക്കാൻ 15 മിനിറ്റ് ബാക്കിയുള്ളപ്പോൾ തന്നെ മൈതാനം നിറഞ്ഞു. പിന്നീടുള്ളവർ ഗാലറിയിലും സ്റ്റേഡിയത്തിലേക്കുള്ള വഴികളിലുമായി അണിനിരന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തമായിരുന്നു സ്റ്റേഡിയത്തിൽ ശ്രദ്ധേയമായത്.
ചെറിയ പെരുന്നാളിന് ഈദ് നമസ്കാരത്തിനായി തുറന്നുനൽകി അന്താരാഷ്ട്ര തലത്തിൽത്തന്നെ ശ്രദ്ധ നേടിയതിനു പിന്നാലെയാണ് ബലിപെരുന്നാളിനും നമസ്കാരമൊരുക്കിയത്. സ്വദേശികളുടെയും വിവിധ രാജ്യക്കാരായ പ്രവാസികളുടെയും സാന്നിധ്യം ശ്രദ്ധേയമായിരുന്നു.നമസ്കാരത്തിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾക്കുപുറമെ, അപൂർവമായ കാഴ്ചക്ക് സാക്ഷ്യം വഹിക്കാൻ പ്രവാസികളായ ഇതര മതവിഭാഗങ്ങളും സ്റ്റേഡിയത്തിലുണ്ടായിരുന്നു.
നമസ്കാരവും പെരുന്നാൾ ഖുതുബയും കഴിഞ്ഞതിനു പിന്നാലെ ഫോട്ടോയെടുപ്പും സൗഹൃദം പങ്കുവെക്കലുമായി മണിക്കൂറുകളോടെ സ്റ്റേഡിയത്തിന്റെ പച്ചപ്പുൽ മൈതാനം സജീവമായി. കുട്ടികൾക്കുള്ള വിവിധ വിനോദ പരിപാടികളായിരുന്നു പ്രധാന ആകർഷണം. ഫൂസ്ബാൾ ഉൾപ്പെടെ മൈതാനത്തിന്റെ ചുറ്റുമായി സജ്ജീകരിച്ച ഫൺ ഗെയിമുകളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ഫെയ്സ് പെയിന്റിങ്, ഹെന്ന, ബലൂൺ, ബോക്സ് നിർമാണം ഉൾപ്പെടെ വിനോദങ്ങൾ ഒരുക്കിയിരുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും തത്സമയം ഫോട്ടോയെടുത്ത് പ്രിന്റ് ചെയ്ത് നൽകുന്ന ഫോട്ടോ ബൂത്തിലും തിരക്കേറി. നീണ്ട ക്യൂ ആയിരുന്നു നാലുഭാഗത്തും ക്രമീകരിച്ച ഫോട്ടോ ബൂത്തിൽ അനുഭവപ്പെട്ടത്. ലോകകപ്പ് കാലത്ത് കിലിയൻ എംബാപ്പെയുടെയും മറ്റും കളികൾക്ക് വേദിയായ മൈതാനത്ത് വീണ്ടുമെത്താൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു മലപ്പുറം സ്വദേശി മുഹമ്മദ് ഹാറൂന് പങ്കുവെക്കാനുണ്ടായിരുന്നത്.
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈലിലെ പ്രാർഥനാമൈതാനിയിൽ ഈദ് നമസ്കാരം നിർവഹിച്ചു. ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി, ശൈഖുമാർ, മന്ത്രിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ അമീറിനൊപ്പം ഈദ് നമസ്കാരത്തിൽ പങ്കാളികളായി.
സുപ്രീം ജുഡീഷ്യറി കൗൺസിൽ ജഡ്ജി ശൈഖ് ഡോ. തഖീൽ സായിർ അൽ ഷമ്മാരി നമസ്കാരത്തിന് നേതൃത്വം നൽകി. തുടർന്നു നടന്ന പ്രഭാഷണത്തിൽ ദേശീയ ഐക്യത്തിന്റെ പ്രകടനമാണ് ഈദ് എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ദാനധർമവും ദൈവഭക്തിയും, വിശ്വാസ്യതയും പങ്കുവെക്കുന്ന ദൈവത്തിന്റെ മഹത്തായ ദിനം കൂടിയാണ് ഈദ്. ആത്മസമർപ്പണത്തിന്റെയും ദാനധർമങ്ങളുടെയും ദൈവിക ചിന്തകളുടെയും ദിനമാണിത് -അദ്ദേഹം പറഞ്ഞു.
ദേശീയ ഐക്യവും പരസ്പര സ്നേഹവും ബോധ്യപ്പെടുത്തുന്നു. ആത്മാവിന്റെയും ഹൃദയങ്ങളുടെയും ശുദ്ധീകരണമാണ് ബലിപെരുന്നാൾ നൽകുന്ന മഹത്തായ സന്ദേശം. കുടുംബബന്ധങ്ങളും സാമൂഹികബന്ധങ്ങളും ശക്തിപ്പെടുത്താനും സഹവർത്തിത്വം നിലനിർത്താനും വിശുദ്ധ ദിനത്തിൽ വിശ്വാസികൾ തയാറാകണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ഈദ് നമസ്കാരശേഷം, ലുസൈൽ പാലസിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശകരെ സ്വീകരിച്ചു. പ്രധാനമന്ത്രി, മന്ത്രിമാർ, ശൂറാ കൗൺസിൽ സ്പീക്കർ, സഹമന്ത്രിമാർ, ശൈഖുമാർ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, സേനാ മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ഈദ് ആശംസകൾ കൈമാറി.
ദോഹ: ഖത്തർ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ ഖത്തർ ഫൗണ്ടേഷനിലെ എജുക്കേഷൻ സിറ്റി സ്റ്റേഡിയം ഇനിമുതൽ പെരുന്നാൾ നമസ്കാരത്തിനും പ്രാർഥനക്കുമായുള്ള സ്ഥിരം വേദിയാകുമെന്ന് ഖത്തർ ഫൗണ്ടേഷൻ അറിയിച്ചു.
മിനാറതൈൻ സെന്ററുമായി സഹകരിച്ച് ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനും സ്റ്റേഡിയം പ്രാർഥനാ വേദിയായി മാറി.ഈ വർഷം ഏപ്രിൽ 21ന് പെരുന്നാൾ പ്രാർഥനക്ക് വേദിയായതോടെ പ്രാർഥനക്ക് ഉപയോഗിക്കുന്ന ആദ്യ ലോകകപ്പ് വേദിയെന്ന വിശേഷണവും സ്റ്റേഡിയത്തിന് ലഭിച്ചിരുന്നു.
35,000ലധികം വിശ്വാസികളാണ് റമദാൻ മാസത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പെരുന്നാൾ നമസ്കാരത്തിന് എത്തിയത്. സ്റ്റേഡിയത്തിലെ പെരുന്നാൾ പ്രാർഥനയും തുടർന്നുള്ള ആഘോഷ പരിപാടികളും വിശ്വാസികൾ ഏറ്റെടുക്കുകയും ലോകകപ്പ് ലെഗസി പദ്ധതിയുമായി ബന്ധപ്പെട്ടും സ്റ്റേഡിയം ഇനി പെരുന്നാൾ നമസ്കാരത്തിനുള്ള സ്ഥിരം വേദിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.