മുഅതസ് ബർഷിമും മകനും സ്വർണം നേടിയ മാർകോ ടാംബെരിക്കൊപ്പം

ബർഷിമിന് വെങ്കലത്തിളക്കം

ദോഹ: സ്വപ്നംകണ്ട ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ നാലാം സ്വർണം വെങ്കലമായെങ്കിലും ഖത്തറിനും അറബ് കായികലോകത്തിനും അഭിമാനമായി ഹൈജംപ് ഹീറോ മുഅതസ് ബർഷിം. കൂട്ടുകാർ ​തമ്മിലെ പോരാട്ടമായി മാറിയ ബുഡപെസ്റ്റിലെ ഹൈജംപ് വേദിയിൽ ഒളിമ്പിക്സിൽ സ്വർണം പങ്കിട്ട ജിയാൻമാർകോ ടാംബേരി സ്വർണമണിഞ്ഞപ്പോൾ ബർഷിമിന് വെങ്കലമായി മാറി. 2017, 2019, 2022 ലോക ചാമ്പ്യൻഷിപ്പുകളിൽ ഹൈജംപ് സ്വർണം നേടിയ ബർഷിം നാലാം സ്വർണം എന്ന സ്വപ്നവുമായാണ് ബുഡപെസ്റ്റിലെത്തിയത്. എന്നാൽ, ഇത്തവണ ഭാഗ്യം തുണച്ചില്ല. സ്വർണം നേടിയ ടാംബേരിയും വെള്ളി നേടിയ അമേരിക്കയുടെ യുവോൺ ഹാരിസണും 2.36 മീറ്റർ ചാടിയപ്പോൾ, ബർഷിമിന്റെ കുതിപ്പ് 2.33 മീറ്ററിൽ അവസാനിച്ചു. ലോകചാമ്പ്യൻഷിപ്പിൽ ബർഷിമിന്റെ അഞ്ചാം മെഡൽ കൂടിയാണിത്. 2013ൽ വെള്ളി നേടിയിരുന്നു. 2020 ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ ബർഷിം, രണ്ട് വെള്ളിയും ഒളിമ്പിക്സിൽ സ്വന്തമാക്കിയിരുന്നു.

എങ്കിലും, വെങ്കലനേട്ടത്തിലെ സന്തോഷം ബർഷിം പങ്കുവെച്ചു. ‘ഈ മെഡൽ ചരിത്രവിജയം കൂടിയാണ്. ഏതൊരു മത്സരത്തിലും സ്വർണവിജയമാവും ആരുടെയും സ്വപ്നം. എന്നാൽ, ഇത് സ്​പോർട്സാണ്. ഈ വെങ്കലമെഡൽ നേട്ട​ത്തോടെ അഞ്ച് ലോക ചാമ്പ്യൻഷിപ് ഹൈജംപിൽ മെഡൽ നേടിയ ആദ്യതാരമായി മാറി. ഏറെ അഭിമാനമുണ്ട്’ -ബർഷിം പറഞ്ഞു.

Tags:    
News Summary - Barshim won bronze

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.