ദോഹ: കടലാമകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികൾ നടക്കുന്നതിനാൽ ഫുവൈരിത് ബീച്ച് അടച്ചിടുന്നത് നീട്ടാൻ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. വംശനാശ ഭീഷണി നേരിടുന്ന വിവിധയിനം കടലാമകളെ സംരക്ഷിക്കുന്ന തുടർപദ്ധതിയാണ് ഖത്തർ പെട്രോളിയത്തിെൻറ സാമ്പത്തിക സഹായത്തോടെ ഖത്തർ യൂനിവേഴ്സിറ്റിയുടെ പരിസ്ഥിതി വകുപ്പിെൻറ നേതൃത്വത്തിൽ നടക്കുന്നത്. പരിസ്ഥിതി ശാസ്ത്ര കേന്ദ്രമാണ് മേൽനോട്ടം വഹിക്കുന്നത്. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ ബീച്ചുകൾ അടച്ചിട്ടത് വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബിൽ വർഗത്തിൽ പെട്ട കടലാമകളുടെ സംരക്ഷണത്തിന് ഏറെ ഗുണകരമായി എന്നാണ് വിലയിരുത്തൽ. ഫുവൈരിത് ബീച്ച് പോലെയുള്ള സംരക്ഷിത പ്രദേശങ്ങളിൽനിന്ന് 2016 മുതൽ 2019 വരെ 15,799 കടലാമക്കുഞ്ഞുങ്ങളെയാണ് കടലിലേക്ക് ഒഴുക്കിയത്.
കടലാമകളുടെ സംരക്ഷണത്തിനായി റാസ് ലഫാൻ, ലെഹ്വെയ്ല, അൽ മറൂന, ഫുവൈരിത്, അൽ ഗരിയ, അൽ മഫീർ ബീച്ചുകളിലും ഹാലൂൽ, ഷറാവഹ്, ഉം തീസ്, റുക്ൻ ദ്വീപുകളിലും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വൈവിധ്യമാർന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. ഹോക്സ്ബിൽ കടലാമകൾക്ക് പ്രജനനത്തിനായി ഏറ്റവും അനുയോജ്യമായ ഇടമാണ് ഫുവൈരിത് ബീച്ചെന്നാണ് പഠനം. പ്രദേശത്തിെൻറ ഭൂമിശാസ്ത്രപരമായ കിടപ്പും പ്രകൃതവും, പൊതുജനങ്ങളുടെയും കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ശബ്ദങ്ങളിൽനിന്ന് മുക്തമായതുമാണ് ഇതിന് കാരണം. കോവിഡ്–19 പ്രതിസന്ധികൾക്കിടയിലും മുൻ വർഷങ്ങൾക്ക് സമാനമായി ഈ വർഷവും ഹോക്സ്ബിൽ കടലാമകളുടെ സംരക്ഷണത്തിന് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ബീച്ചുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ ഈ വർഷം കടലാമകളുടെ പ്രജനന പ്രക്രിയയിൽ വ്യത്യാസം വന്നിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ റാസ് ലഫാൻ, റാസ് റകാൻ, ഉം തൈസ് ബീച്ചുകളിൽ കടലാമകൾ കൂട്ടത്തോടെ കൂടുകെട്ടുകയും മുട്ടയിടുകയും ചെയ്തിരുന്നെങ്കിൽ ഈ വർഷം അൽ മറൂന, അൽ ഗരിയ, ഫുവൈരിത് ബീച്ചുകളിലാണ് കൂടുകളിലധികവും. കടലാമകളുടെ പ്രജനന സീസണിൽ അൽ മരൂന, ഗരിയ ബീച്ചുകൾ നിർണായക പങ്കാണ് വഹിക്കുന്നത്. 2000ലധികം കടലാമ കുഞ്ഞുങ്ങളെ ഈ വർഷം കടലിലേക്ക് തുറന്നുവിട്ടെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.