ദോഹ: ഖത്തറിലെ ഒളിമ്പിക്സിലെ മെഡൽ പ്രതീക്ഷകളെ സജീവമാക്കി ബീച്ച് വോളിയിൽ സൂപ്പർ സഖ്യമായ ഷെരീഫ് യൂനുസ്- അഹ്മദ് തിജാൻ കൂട്ട് പ്രീക്വാർട്ടറിൽ. ഈഫൽ ടവർ സെൻറർ കോർട്ടിൽ പൂൾ ‘എ’യിലെ രണ്ടാം മത്സരത്തിൽ ലോക ഒന്നാം നമ്പർ ജോടിയായ സ്വീഡൻ സഖ്യത്തിനെതിരെ മിന്നും പോരാട്ടത്തിലൂടെ ജയം നേടിതാണ് ഖത്തർ പ്രീക്വാർട്ടറിൽ ഇടം നേടിയത്. ആദ്യ സെറ്റിൽ തോറ്റെങ്കിലും തുടർന്നുള്ള രണ്ട് സെറ്റുകളിലും മിന്നും ജയം നേടി.
58 മിനിറ്റ് നീണ്ട മത്സരത്തിലായിരുന്നു ഡേവിഡ് അഹ്മാൻ-ജൊനാതൻ ഹെൽവിഗ് സഖ്യത്തെ ഇരുവരും വീഴ്ത്തിയത്. സ്കോർ 15-21, 21-19, 20-18. നിറഞ്ഞ ഗാലറിയിൽ ആരവമായെത്തിയ സ്വന്തം കാണികൾക്കു നടുവിലായിരുന്നു ഖത്തറിന്റെ വിജയം.‘കടുത്ത മത്സരമായിരുന്നു സ്വീഡനെതിരെ. ലോക ഒന്നാം നമ്പർ ടീമായിരുന്നു ഞങ്ങളുടെയും എതിരാളി. അതുകൊണ്ടു തന്നെ മത്സരം കൂടുതൽ കടുത്തതാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. മൂന്ന് സെറ്റ് മത്സരത്തിന് ഒരുങ്ങാൻ കോച്ച് പറഞ്ഞിരുന്നു.
ഒടുവിൽ ഉശിരൻ പോരാട്ടത്തിലൂടെ ജയിക്കാൻ കഴിഞ്ഞു. ദൈവത്തിന് നന്ദി’ -മത്സരശേഷം ഷെരിഫ് യൂനുസ് പറഞ്ഞു. ടോക്യോ ഒളിമ്പിക്സിലെ വെങ്കലം ഇത്തവണ കൂടുതൽ മികച്ചതാക്കി മാറ്റാനാണ് ഖത്തറിന്റെ അഭിമാന സഖ്യം ഒരുങ്ങുന്നത്. ആദ്യ കളിയിൽ ഇറ്റാലിയൻ സഖ്യത്തെ തോൽപിച്ചിരുന്നു. പൂൾ ‘എ’യിലെ അവസാന മത്സരത്തിൽ ടീം ആസ്ട്രേലിയൻ സഖ്യത്തെ നേരിടും. രണ്ട് കളിയും ജയിച്ച് നാല് പോയൻറുമായാണ് ഖത്തർ പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഓരോ പൂളിൽ നിന്നും രണ്ട് ടീമുകൾ പ്രീക്വാർട്ടറിൽ പ്രവേശിക്കും. ആഗസ്റ്റ് നാല് മുതലാണ് നോക്കൗട്ട് മത്സരങ്ങൾ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.