ദോഹ: പഴയ ദോഹ തുറമുഖത്ത് ബീച്ച് വാട്ടർപോളോ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 26ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഖത്തർ നീന്തൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ് ഒക്ടോബർ 28 വരെ നീണ്ടുനിൽക്കും.
ദോഹ തുറമുഖത്തെ അൽ ബന്ദറിന്റെ പശ്ചാത്തലത്തിലായിരിക്കും ചാമ്പ്യൻഷിപ് നടക്കുക. വൈകീട്ട് നാലു മുതൽ ഏഴു വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന പൗരന്മാരും താമസക്കാരും കുറഞ്ഞത് അഞ്ച് കളിക്കാരുമായാണ് രജിസ്റ്റർ ചെയ്യേണ്ടത്. ചാമ്പ്യന്മാർക്ക് കിരീടവും ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്ക് മെഡലുകളും മറ്റു ഉപഹാരങ്ങളും സമ്മാനിക്കുമെന്നും സംഘാടകർ അറിയിച്ചു.
രജിസ്ട്രേഷനുശേഷം അവസാനഘട്ട പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷം അന്തിമ മത്സരക്രമം ഒക്ടോബർ 23ന് പുറത്തുവിടുമെന്ന് ഖത്തർ നീന്തൽ അസോസിയേഷൻ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഞായറാഴ്ച അവസാനിച്ചു.
അതേസമയം, പഴയ ദോഹ തുറമുഖത്തെ മിന ഡിസ്ട്രിക്ടിൽ പുരുഷന്മാർക്കായി കഴിഞ്ഞ ദിവസം ഖത്തരി ട്രയാത്ത്ലൺ ടീം അക്വാത്ത്ലൺ നടന്നു. ഭിന്നശേഷിക്കാർ-കമ്യൂണിറ്റി, 11 വയസ്സ് മുതൽ 14 വയസ്സു വരെയുള്ളവർക്കായി യൂത്ത് കാറ്റഗറി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിച്ചത്. ഒന്നാമത്തെ വിഭാഗത്തിൽ 2.5 കിലോമീറ്റർ ഓട്ടം, ഒരു കിലോമീറ്റർ നീന്തൽ, 2.5 കിലോമീറ്റർ ഓട്ടവും യൂത്ത് കാറ്റഗറിയിൽ 300 മീറ്റർ നീന്തൽ, രണ്ടു കിലോമീറ്റർ നടത്തവുമായിരുന്നു അക്വാത്ത്ലണിന്റെ ഭാഗമായി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.