ദോഹ: ലോകകപ്പിന് മുന്നോടിയായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി, പുതുമോടിയോടെ അണിഞ്ഞൊരുങ്ങി സെൻട്രൽ ദോഹയിലെ തെരുവുകൾ. റോഡുകൾ പുതുതായി ടാർ ചെയ്തും അടയാളപ്പെടുത്തിയും വശങ്ങൾ ഒരുക്കിയും അരികിലായി ഗ്രാനൈറ്റ് സ്ലാബുകൾ സ്ഥാപിച്ചും പച്ചപ്പ് പിടിപ്പിച്ചുമാണ് ദോഹ സെൻട്രൽ ഡെവലപ്മെന്‍റ് ആൻഡ് ബ്യൂട്ടിഫിക്കേഷൻ പ്രോജക്ടിന് കീഴിൽ പദ്ധതി പൂർത്തിയാക്കുന്നത്. പൊതുമരാമത്ത് വിഭാഗമായ അശ്ഗാലിനു കീഴിലാണ് രാജ്യത്തെ റോഡുകളും പൊതുയിടങ്ങളും നിർമാണം പൂർത്തിയാക്കി സൗന്ദര്യവത്കരണ പ്രവൃത്തി പുരോഗമിക്കുന്നത്. ചിലഭാഗങ്ങളിൽ പെട്രോളിയം ഉൽപന്നമായ അസ്ഫാൽറ്റിനു പകരം ഗ്രാനൈറ്റ് വിരിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. കൂടുതൽ ഈടും ഭംഗിയും നൽകാനും ഇത് സഹായിക്കും. ഒപ്പം ഏത് കാലാവസ്ഥയിലും ഡ്രൈവർമാർക്ക് സുരക്ഷിതായി വാഹനം ഓടിക്കാനും കഴിയും.
അൽ അബ്റാജ്, ഗ്രാൻഡ് ഹമദ് സ്ട്രീറ്റ്, സെൻട്രൽ ദോഹ മിഷൈരിബ് എന്നിവിടങ്ങളിലെ സൗന്ദര്യവത്കരണ പ്രവൃത്തി പൂർത്തിയായി. അതേസമയം, ലോകകപ്പ് കാലത്ത് ഈ പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടാവുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാൽനടക്കാർക്ക് മാത്രമായി നീക്കിവെക്കുന്നതിനാൽ, നടന്നുനീങ്ങുന്ന കാണികൾക്കും മറ്റും സമീപപ്രദേശങ്ങൾ ആസ്വദിക്കാൻ കൂടി കഴിയുന്നരീതിയിലാണ് നിർമാണം. കാൽനട സൗഹൃദ നിലയിലാണ് മേഖലയിലെ സൗന്ദര്യവത്കരണ പ്രവൃത്തികൾ പൂർത്തിയാക്കുന്നത്. ആരോഗ്യകരവും സാമൂഹികവും സാംസ്കാരികവുമായ അന്തരീക്ഷം സൃഷ്ടിച്ചാണ് സെൻട്രൽ ദോഹയിലെ ബ്യൂട്ടിഫിക്കേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നടത്തവും വ്യായാമവും ശീലമാക്കി പൊതുജനങ്ങളെ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമാണ്.
റോഡ് നിർമാണം ഭംഗിയായി പൂർത്തിയായതോടെ ദോഹയിലെ ട്രാഫിക്കും സുഖകരമാക്കി. വരും നാളുകൾ കൂടുതൽ നിർമാണങ്ങൾ പൂർണമാവുന്നതോടെ ദോഹയിലേക്കും തിരിച്ചുമുള്ള യാത്രകൾ എളുപ്പമാകും. അടിസ്ഥാനസൗകര്യ വികസനങ്ങൾ കൂടി ഉൾപ്പെടുന്നതായിരുന്നു സെൻട്രൽ ദോഹയിലെ ബ്യൂട്ടിഫിക്കേഷൻ പദ്ധതികൾ. മേഖലയിലെ പ്രധാന റോഡായ അബ്ദുല്ല ബിൻ ഥാനി സ്ട്രീറ്റായിരുന്നു ആദ്യ പാക്കേജ്. അൽ ദോസ്തൗർ, അൽ സഖാമ, റാസ് റൗഖ്, ദാർ അൽ ഖുതുബ്, ബു ഹസായ, അൽ ഗൗസ്, റാസ് ഉഷൈരിജ് സ്ട്രീറ്റ് ഉൾപ്പെടുന്ന വികസന പ്രവർത്തനങ്ങളാണ് ഇതിൽ അടങ്ങിയത്. തെരുവുവിളക്ക് സ്ഥാപിക്കൽ, സ്ട്രീറ്റ് ഫർണിച്ചർ, വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കുമുള്ള ട്രാഫിക് സിഗ്നൽ എന്നിവയും അടങ്ങുന്നു. വാഹനങ്ങൾ കുറക്കുന്നതോടൊപ്പം മരങ്ങളും ചെടികളും സ്ഥാപിച്ച് കാൽനടസൗഹൃദമാക്കൽ പദ്ധതിയുടെ പ്രധാന ലക്ഷ്യവുമായിരുന്നു.
ഭൗമോപരിതലത്തിലെ വെള്ളം ഒഴിവാക്കാനുള്ള 8.5 കിലോമീറ്റർ ദൈർഘ്യമുള്ള ഡ്രെയ്നേജ് ശൃംഖല, 4.7 കി.മീ ദൈർഘ്യമുള്ള മലിനജല പദ്ധതി, 6.8 കി.മീ ഇലക്ട്രിസിറ്റി നെറ്റ്വർക്, 329 തെരുവുവിളക്ക് തൂണുകൾ, 1400 മരങ്ങൾ, 1000 ചതുരശ്ര മീറ്റർ വിശാലതയിൽ പച്ചപ്പണിഞ്ഞ മേഖലകൾ എന്നിവ ഉൾപ്പെടുന്നതാണ് രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കിയ നിർമാണപ്രവർത്തനങ്ങൾ. ദോഹ സിറ്റിയിൽ 22.6 കി.മീ ദൈർഘ്യമുള്ള സൈക്ലിങ്, നടപ്പാത വികസിപ്പിക്കുന്നതിന് പുറമെയാണിത്. നാഷനൽ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്സ് പരിസരങ്ങൾ ഉൾപ്പെടെ പ്രധാന തെരുവുകളും ഇട പാതകളും വികസിപ്പിക്കുകയും മനോഹരമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. മൂന്നാം ഘട്ട വികസനത്തിൽ 10.2 ഉപരിതല ഡ്രെയ്നേജ് നെറ്റ്വർക്, 11.2 കി.മീ മലിനജല ശൃംഖല, 4.7 കി.മി ഇലക്ട്രിസിറ്റി, 515 തെരുവുവിളക്ക് , 3250 മരങ്ങൾ, 30,000 ചതുരശ്ര മീറ്റർ പച്ചപ്പ്, 35.3 കി.മീ കാൽനട-സൈക്ലിങ് ട്രാക്ക് എന്നിവയും ഉൾപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.