ദോഹ: രണ്ടുമാസത്തെ വേനലവധിക്കാലം കഴിഞ്ഞ് ഞായറാഴ്ച ഖത്തറിലെ വിദ്യാലയങ്ങളെല്ലാം സജീവമാകാനിരിക്കെ ഗതാഗത പ്ലാനുകളൊരുക്കി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. റോഡിലെ തിരക്ക് കുറക്കാനും അപകടങ്ങൾ ഒഴിവാക്കാനും വിദ്യാർഥികൾക്കും സ്കൂൾ വാഹനങ്ങൾക്കും സുരക്ഷിത യാത്രയൊരുക്കാനും സമഗ്രമായ റോഡ് ട്രാഫിക് പ്ലാനുകൾ സജ്ജമാക്കിയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുതിയ അധ്യയന വർഷം വരവേൽക്കുന്നതെന്ന് ട്രാഫിക് മീഡിയ ഓഫിസർ ലഫ്. അബ്ദുൽ മുഹസിൻ അൽ അസ്മർ അൽ റുവൈലി അറിയിച്ചു.
പ്രധാന റോഡുകൾ, സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാനും റോഡ് യാത്ര സുഗമമാക്കാനും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ഖത്തർ ന്യൂസ് ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ട്രാഫിക് വിഭാഗം പട്രോളിങ്ങും നിരീക്ഷണവും വർധിപ്പിക്കും. ഒപ്പം, ഇന്റർസെക്ഷൻ, സ്കൂൾ പരിസരങ്ങൾ എന്നിവടങ്ങളിൽ ട്രാഫിക് പൊലീസ് സേവനവും കൂട്ടുമെന്നും ലഫ്. അൽ റുവൈലി പറഞ്ഞു.
രാജ്യത്തിന്റെ മുഴുവൻ മേഖലകളിലെയും റോഡ് ഗതാഗതവും വാഹനങ്ങളുടെ നീക്കവും ‘തലാഅ’ നിരീക്ഷണ കാമറകൾ വഴി മുഴു സമയവും അധികൃതർ നിരീക്ഷിക്കുകയും അടിയന്തര സാഹചര്യത്തിൽ ട്രാഫിക് പൊലീസിന് ഇടപെടാൻ വഴിയൊരുക്കുകയും ചെയ്യും. മുൻ വർഷങ്ങളിൽ വികസിപ്പിച്ച പദ്ധതികളുടെയും അനുഭവ സമ്പത്തിന്റെയും സ്ഥിതിവിവരണ കണക്കുകളുടെയും അടിസ്ഥാനത്തിൽ റോഡുകളിലെ നിയന്ത്രണങ്ങളിൽ സമഗ്രമായ പ്ലാൻ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയ സ്കൂൾ ട്രാഫിക് പ്ലാൻ വഴി അപകടങ്ങളും റോഡിലെ തിരക്കും വലിയൊരു അളവുവരെ കുറക്കാൻ കഴിഞ്ഞിട്ടുമുണ്ട്. ഒാരോ വർഷങ്ങളിലും വർധിച്ചുവരുന്ന വാഹന പെരുപ്പത്തിനനുസരിച്ച് മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങൾ കൂടി ഉപയോഗപ്പെടുത്തിയാണ് മന്ത്രാലയത്തിനു കീഴിൽ ട്രാഫിക് പ്ലാൻ തയാറാക്കുന്നത്.
വാഹനങ്ങളുടെയും മോട്ടോർ സൈക്കിളുകളുടെയും എണ്ണം വർധിപ്പിച്ച് നിരീക്ഷണവും പട്രോളിങ്ങും ട്രാഫിക് വിഭാഗം ശക്തമാക്കും. കൂടുതൽ സാങ്കേതിക മാർഗങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. രാവിലെ സ്കൂളുകളിൽ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പുള്ള മണിക്കൂറും ക്ലാസ് അവസാനിച്ച ശേഷം ഉച്ച കഴിഞ്ഞുള്ള മണിക്കൂറുകളുമാണ് റോഡുകളിൽ ട്രാഫിക് തിരക്കേറുന്നത്.
ട്രാഫിക് നിയമലംഘനങ്ങളുടെ നിരീക്ഷണം ഇനിയുള്ള ദിനങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. റഡാർ ഉപയോഗിച്ച് സീറ്റ് ബെൽറ്റ്, ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം എന്നിവ നിരീക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്യും. ഇതുസംബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കിടയിലെ ബോധവത്കരണവും തുടരും. ബാക്ക് ടു സ്കൂൾ പ്രചാരണ പരിപാടിയുടെ ഭാഗമായി മന്ത്രാലയം നേതൃത്വത്തിൽ വിദ്യാർഥികൾ, സ്കൂൾ ബസ് ഡ്രൈവർമാർ, രക്ഷിതാക്കൾ, സ്കൂൾ സേഫ്റ്റി ഓഫിസർമാർ എന്നിവർക്കായി ഗതാഗത നിയമങ്ങൾ സംബന്ധിച്ച് ബോധവത്കരണം നടത്തിയതായും അദ്ദേഹം വിശദീകരിച്ചു.
യാത്രക്കിടയിൽ ആവശ്യമായ എല്ലാ സുരക്ഷ ക്രമീകരണങ്ങളും സ്വീകരിക്കണമെന്ന് സ്കൂൾ ഡ്രൈവർമാർ, ട്രാൻസ്പോർട്ടിങ് ഡ്രൈവർമാർ, സ്കൂൾ സേഫ്റ്റി ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ എന്നിവർക്ക് നിർദേശം നൽകിയതായും വ്യക്തമാക്കി. വാഹനം നീങ്ങുംമുമ്പ് ഡോറുകൾ അടഞ്ഞുവെന്ന് ഉറപ്പാക്കുക, അമിത വേഗം ഒഴിവാക്കുക, വാഹനം നിർത്തിയ ശേഷം മാത്രം ഡോർ തുറക്കുക, വാഹനത്തിൽ നിന്നും കുട്ടികൾ മുഴുവൻ ലക്ഷ്യസ്ഥാനത്ത് ഇറങ്ങിയതായി ഉറപ്പാക്കുക എന്നീ കാര്യങ്ങൾ എല്ലാവരും പാലിക്കണമെന്നും സുരക്ഷിതമായ പുതിയൊരു അധ്യയന വർഷമായിരിക്കട്ടേയെന്ന് ആശംസിക്കുന്നതായും ലഫ്. അൽ റുവൈലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.