ദോഹ: ജീവിതശൈലീ രോഗങ്ങളുടെ വ്യാപനത്തിൽ കുറവ് ചൂണ്ടിക്കാട്ടി ഖത്തർ ഫൗണ്ടേഷനു കീഴിലെ ബയോബാങ്ക് പഠന റിപ്പോർട്ട്. വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങളുടെ അപകടസാധ്യതാ ഘടകങ്ങൾ കുറക്കുന്നതിലെ ഖത്തറിന്റെ ശ്രമങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കി. രാജ്യത്ത് ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങളുടെ വ്യാപനത്തെക്കുറിച്ച പുതിയ പഠനത്തിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ ഖത്തർ ബയോബാങ്ക് പങ്കുവെച്ചിട്ടുണ്ട്. 10,000 ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ പഠനത്തിൽ പങ്കെടുത്തവരിൽ ഉയർന്ന തോതിൽ ഡിസ്ലിപിഡെമിയ (ഉയർന്ന കൊളസ്ട്രോളിന്റെ അളവ്) കണ്ടെത്തി. പ്രമേഹം, രക്തസമ്മർദം എന്നിവയും കൂടുതലാണ്. എന്നാൽ, 2016ൽ ബയോബാങ്ക് പുറത്തുവിട്ട റിപ്പോർട്ടുകളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഡിസ്ലിപിഡെമിയ, ഹൈപ്പർടെൻഷൻ, ആസ്തമ എന്നിവയുടെ വ്യാപനത്തിൽ കുറവ് വന്നതായി പുതിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സർവേയിൽ പങ്കെടുത്ത 30.1 ശതമാനം പേർക്കും ഡിസ്ലിപിഡെമിയയും 17.4 ശതമാനം പേർക്ക് പ്രമേഹവും 16.8 ശതമാനം പേർക്ക് രക്താതിമർദവും 9.1 ശതമാനം പേർക്ക് ആസ്തമയും ഉണ്ടെന്ന് പഠനം കണ്ടെത്തി. 2016ലെ പഠനത്തിൽ പങ്കെടുത്തവരിൽ 44 ശതമാനം പേർക്ക് ഉയർന്ന കൊളസ്ട്രോൾ കണ്ടെത്തി. 29 ശതമാനം പേർക്ക് ഉയർന്ന രക്തസമ്മർദവും 16 ശതമാനം ആസ്തമ രോഗവും കണ്ടെത്തിയിരുന്നു. എന്നാൽ, 15.5 ശതമാനം പേരിൽ മാത്രമായിരുന്നു അന്ന് പ്രമേഹം കണ്ടെത്തിയിരുന്നത്. 2017 മുതൽ 2022 വരെയുള്ള ദേശീയ ആരോഗ്യ നയം പോലുള്ള നിരവധി പദ്ധതികളുടെയും സംരംഭങ്ങളുടെയും ഫലമായാണ് ജീവിതശൈലീ രോഗങ്ങളുടെ വ്യാപനത്തിൽ കുറവ് കാണിക്കുന്നത്. ഖത്തരി ജനസംഖ്യയിൽ നിന്നും ബയോളജിക്കൽ സാമ്പിളുകളും ആരോഗ്യ ജീവിതശൈലി സംബന്ധിച്ച വിവരങ്ങളും ശേഖരിച്ച് പഠനം നടത്തുന്ന ഗവേഷണ സ്ഥാപനമാണ് ഖത്തർ പ്രിസിഷൻ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള ഖത്തർ ബയോബാങ്ക്. നിലവിൽ ഖത്തർ ബയോബാങ്കിൽ 39635 പേർ പഠനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവരിൽ 30570 പേരും ഖത്തരികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.