ദോഹ: തിരക്കുപിടിച്ച ദൈനംദിന ജീവിതങ്ങൾ.... ടീം മീറ്റിങ്ങുകൾ, ആസൂത്രണങ്ങൾ, തീരുമാനങ്ങൾ, യാത്രകൾ, ഹൈ റിസ്കുകൾക്കിടയിലെ ജീവിതത്തിരക്കിൽനിന്നും ഒരു പകൽ മാറ്റിവെച്ച് നേതൃപാടവം കൂടുതൽ മികവോടെ തേച്ചുമിനുക്കാൻ ഖത്തറിലെ ബിസിനസ് നായകരെല്ലാം ഒന്നിച്ചിരിക്കുകയാണ്. കോർപറേറ്റ് സ്ഥാപനങ്ങളുടെ വരിഞ്ഞുമുറുകിയ ഓഫിസ് അന്തരീക്ഷത്തിൽനിന്നും എല്ലാത്തിനും അവധി നൽകി, ഒരു പകൽ പുതിയ ആശയങ്ങൾ രൂപവത്കരിക്കാനും ഭാവിയെ കുറിച്ച് ചിന്തിക്കാനും വിജയപാത ആസ്വദിക്കാനുമായി ബോസുമാർ റാഫ്ൾസ് ഫെയർമോണ്ട് ഹോട്ടലിലെ പ്രൗഢഗംഭീരമായ വേദിയിൽ ഒന്നിക്കുന്നു. അവരുടെ മനസ്സിനെ ആശയങ്ങൾകൊണ്ട് സമ്പന്നമാക്കുകയാണ് ‘ഗൾഫ് മാധ്യമം’ സീഷോർ- ബോസസ് ഡേ ഔട്ട്.
ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഏഷ്യയിലും യൂറോപ്പിലുമായി പ്രശസ്തരായ മൂന്ന് പ്രമുഖർ തങ്ങളുടെ ചിന്തകളും പ്രചോദനം നൽകുന്ന വാക്കുകളുമായി അവർക്ക് പുത്തൻ ഊർജം പകരും. ഖത്തറിലെ വിവിധ കമ്പനികൾ, കോർപറേറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ നായകരും, സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രഫഷനലുകളും ഉൾപ്പെടെ 350ഓളം പേർ പരിശീലന പരിപാടിയിൽ പങ്കെടുക്കും.
ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര താരവും, ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പ്രചോദിത പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനുമായ ആശിഷ് വിദ്യാർഥി, സെലിബ്രിറ്റി മെൻററും ബ്രാൻഡ് ട്രെയിനറുമായ അർഫീൻ ഖാൻ, നിർമിത ബുദ്ധിയുടെ കാലത്തെ സൂപ്പർ ബ്രെയിൻ എന്ന് വിശേഷിപ്പിക്കുന്ന സാനിധ്യ തുൾസിനന്ദൻ എന്നിവരാണ് മൂന്നു സെഷനുകളിൽ സംസാരിക്കുന്നത്. കണ്ടും കേട്ടും പരിചയിച്ച പ്രഭാഷണ ശൈലികളോട് ബൈ പറഞ്ഞ്, വേറിട്ട അവതരണവുമായാണ് മൂവരും ഖത്തറിലെ മുൻനിര ബിസിനസ് നായകരിലേക്കെത്തുന്നത്.
അക്കാദമിക് ക്ലാസുകളിൽ പഠിച്ചെടുത്ത മാനേജ്മെന്റ് തിയറികളും പതിറ്റാണ്ടുകൾ നീണ്ട അനുഭവസമ്പത്തിലൂടെ പടുത്തുയർത്തിയ വിജയങ്ങളുമായി മുന്നേറുന്നവർക്ക് ചിന്തകളും ആശയങ്ങളും തന്ത്രങ്ങളും ഒരിക്കൽ കൂടി പൊടിതട്ടിയെടുക്കാനൊരു സുവർണാവസരമായാണ് ബോസസ് ഡേ ഔട്ടിനെ വിലയിരുത്തുന്നത്. ഖത്തരികളും വിവിധ രാജ്യക്കാരും ഉൾപ്പെടെ പ്രമുഖ കമ്പനികളുടെ ബോസുമാരും മാനേജ്മെൻറ് ലീഡേഴ്സും മുതൽ പുതുതലമുറ സംരംഭകർ വരെയുള്ളവരും ‘ബോസസ് ഡേ ഔട്ടിൽ’ അംഗങ്ങളായി രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
ദോഹ: ആധുനിക ഖത്തറിന്റെ തലയെടുപ്പായ ലുസൈൽ മറീനയിൽ അർധചന്ദ്ര മാതൃകയിൽ തലയുയർത്തി നിൽക്കുന്ന കതാറ ടവറിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫ്ൾസ് ഫെയർമോണ്ട് ദോഹയാണ് ‘ബോസസ് ഡേ ഔട്ട്’ വേദിയാകുന്നത്. കതാറ ഹോസ്പിറ്റാലിറ്റിക്കു കീഴിലാണ് ലുസൈലിലെ വാസ്തുവിദ്യാ വിസ്മയമായ കതാറ ടവർ. ലുസൈൽ മറിനയിൽ നിന്നുള്ള സുന്ദരമായ കാഴ്ചയായ കതാറ ടവർ ലോകകപ്പ് വേളയിൽ ലോകമെങ്ങുമുള്ള കാണികളുടെ പ്രധാന ആകർഷണ കേന്ദ്രമായിരുന്നു.
ആശിഷ് വിദ്യാർഥി
(സെഷൻ ടൈം: 12.20 മുതൽ 2 മണിവരെ)
അഭിനേതാവ്, വ്ലോഗർ, മോട്ടിവേഷണൽ സ്പീക്കർ...ഇതിലോരോന്നുമാണ്, ഇതെല്ലാമാണ് ആശിഷ് വിദ്യാർഥി എന്ന് പറയാം. എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാൾ. എല്ലാ ദിവസവും എന്തെങ്കിലും പഠിക്കുന്ന, അത് എല്ലാവരെയും പഠിപ്പിക്കുന്ന ആശിഷ് വിദ്യാർഥി ഇന്ന് ഖത്തറിൽ എത്തുന്നത് ബിസിനസിന്റെ വിജയപാതകളിൽ മുന്നേറുന്നവരെ മികവിന്റെ അടുത്ത തലത്തിലേക്ക് ഉയർത്തുന്ന നേതൃപരിശീലനത്തിനായാണ്. സംരംഭകരുടെ നേതൃപാടവം പരിപോഷിപ്പിച്ച് സ്വന്തം ടീമിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ പ്രചോദം നൽകുന്നതിന് പ്രാപ്തരാക്കുന്ന ‘നെക്സ്റ്റ് ലെവൽ ബോസസ്’ എന്ന വിഷയമാണ് ആശിഷ് വിദ്യാർഥി ‘ബോസസ് ഡേ ഔട്ടി’ൽ അവതരിപ്പിക്കുക. തന്റെ അനുഭവങ്ങളിലൂടെ സ്വായത്തമാക്കിയ അറിവുകളിലൂടെ ആശിഷ് വിദ്യാർഥി പകർത്തി നൽകുന്നത് ജീവിത വിജയത്തിനുള്ള മന്ത്രങ്ങളാണ്.
അർഫീൻ ഖാൻ
(സെഷൻ ടൈം: രാവിലെ 9.15 മുതൽ 10.35 വരെ)
രണ്ട് പതിറ്റാണ്ടായി സെലിബ്രിറ്റികളുടെ മാർഗദർശിയും പ്രചോദിത പ്രഭാഷകനും ലൈഫ് കോച്ചുമൊക്കെയാണ് അർഫീൻ ഖാൻ. ബോളിവുഡ് താരങ്ങൾ, വമ്പൻ വ്യവസായികൾ, രാഷ്ട്രീയ നേതാക്കൾ, സി.ഇ.ഒമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ, യൂനിവേഴ്സിറ്റി ടോപ്പർമാർ... അർഫീൻ ഖാനിന്റെ വാക്കുകളിലൂടെ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൈവരിച്ച് ജീവിതവിജയം നേടിയവർ നിരവധിയാണ്. ഇതുവരെ 43 രാജ്യങ്ങളിൽ ജീവിതവിജയ മന്ത്രങ്ങളുമായി സഞ്ചരിച്ചിരിട്ടുള്ള അർഫീൻ ഖാൻ ഇന്ന് ഖത്തറിൽ എത്തുന്നത് ‘ബോസസ് ഡേ ഔട്ടി’ൽ ‘മൈൻഡ് ഹാക്കിങ് സ്ക്രീട്ടസ് ഫൊർ ബോസസ്’ എന്ന വിഷയം അവതരിപ്പിക്കാനാണ്. വെല്ലുവിളികളെ നേരിടാനുള്ള ധൈര്യം കൈവരിക്കുന്നതിനും പൊടുന്നനെ തീരുമാനങ്ങളെടുക്കാനുള്ള കഴിവുകൾ ഉയർത്തുന്നതിനും ഒപ്പമുള്ളവരെ പ്രചോദിപ്പിക്കുന്നതിനും ആവശ്യമായ മെന്റൽ ട്രിക്കുകളാണ് അർഫീൻ ഖാൻ പകർന്നുനൽകുക. ഒരാളിൽ ഒളിഞ്ഞുകിടക്കുന്ന മൊത്തം കഴിവുകളും പുറത്തെടുത്ത് ആത്മവിശ്വാസം ഉയർത്തുന്ന മാർഗങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാനിധ്യ തുൾസിനന്ദൻ
(സെഷൻ ടൈം: 10.50 മുതൽ 12.05 വരെ)
സ്വന്തം ബിസിനസിനെ നിർമിത ബുദ്ധിയുടെ സഹായത്തിലൂടെ വളർത്തുന്ന ‘എ.ഐ. ബോസ് ’ ആകാനുള്ള മാർഗനിർദേശങ്ങൾ പകർന്നുനൽകാനാണ് എ.ഐ വിദഗ്ധനും കണ്ടന്റ് ക്രിയേറ്ററുമായ സാനിധ്യ തുൾസിനന്ദൻ ഇന്ന് ഖത്തറിൽ എത്തുന്നത്. കാലഘട്ടത്തിന്റെ വേഗത്തിനൊപ്പം സഞ്ചരിക്കാൻ ഏതൊരു ബിസിനസുകാരനെയും പ്രാപ്തമാക്കുന്ന മാർഗനിർദേശങ്ങളാണ് ‘ബോസസ് ഡേ ഔട്ടി’ൽ സാനിധ്യ അവതരിപ്പിക്കുക. എ.ഐ എനേബിൾഡ് ബിസിനസ് ഓട്ടോമേഷനിലൂടെ ബിസിനസിൽ നടക്കുന്ന ദൈനംദിന കാര്യങ്ങളെ കൃത്യമായി അവലോകനം ചെയ്ത് അതിനനുസരിച്ച് കൃത്യസമയത്ത് തന്നെ വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളാനും അതിലൂടെ കാര്യക്ഷമത വർധിപ്പിക്കാനും കഴിയുന്ന വിധത്തിലുള്ള ഉൾക്കാഴ്ച പകരുന്ന സെഷനായിരിക്കും ഇത്. സാങ്കേതിക വളർച്ചയുടെ ഈ കാലത്ത് ബിസിനസിലുണ്ടാകുന്ന നിർമിതബുദ്ധി വിപ്ലവത്തിൽ കാഴ്ചക്കാരനായി നിൽക്കാതെ മുൻനിരയിലേക്ക് എത്താനുള്ള പ്രചോദനമാണ് സാനിധ്യയുടെ വാക്കുകളിൽനിന്ന് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.