ദോഹ കോർണിഷിലെ കൗണ്ട്ഡൗൺ ക്ലോക്കിനു മുന്നിൽ ഒത്തുചേർന്ന ബ്രസീൽ ആരാധകർ

കോർണിഷ് മഞ്ഞക്കടലായി; ലോകകപ്പിന് സ്വാഗതമേകി ബ്രസീൽ ഫാൻസ്‌

ദോഹ: ഖത്തറിന്‍റെ ആഘോഷങ്ങളുടെ നടുമുറ്റമായ ദോഹ കോർണിഷിന്‍റെ തീരത്തെ മഞ്ഞക്കടലാക്കിമാറ്റി ബ്രസീൽ ആരാധകരുടെ ഒത്തുചേരൽ. നെയ്മറും വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും അണിനിരക്കുന്ന മഞ്ഞപ്പട ഖത്തറിലേക്ക് ഒരുക്കം സജീവമാക്കുന്നതിനും മുന്നേ ലോകകപ്പിന്‍റെ വേദിയെ അവരുടെ കളിയിടമാക്കി മാറ്റുകയാണ് ഖത്തറിലെ ബ്രസീൽ ആരാധകകൂട്ടായ്മ. ഏതാനും ദിവസം മുമ്പ് സൂപ്പർ താരം മാഴ്സലോണ ലോഗോ പുറത്തിറക്കി തുടങ്ങിയ ആഘോഷങ്ങളുടെ തുടർച്ചയെന്നോണം വെള്ളിയാഴ്ച വൈകുന്നേരം മഞ്ഞക്കുപ്പായവും ബ്രസീൽ പതാകയും ബാനറുകളുമായി ആയിരത്തോളം ആരാധകർ കോർണിഷിലെ ലോകകപ്പ് കൗണ്ട്ഡൗൺ ക്ലോക്കിന് മുന്നിൽ ഒത്തുചേർന്നു.

മലയാളികളായ ആരാധകരുടെ നേതൃത്വത്തിൽ ഖത്തറിലെ ബ്രസീലുകാരും സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള കാനറി ആരാധകരുടെ ആദ്യ ഒത്തുചേരലിനാണ് കോർണിഷ് സാക്ഷിയായത്. ഇന്ത്യൻ സ്പോർട്സ് സെന്‍റർ പ്രസിഡന്‍റ് ഡോ. മോഹൻ തോമസ് ബ്രസീൽ ഫാൻസ് ഖത്തർ സംഗമം ഉദ്ഘാടനം ചെയ്തു. ബ്രസീലിൽനിന്നുള്ള ടി.വി-റേഡിയോ അവതാരിക കരോളിന പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. സംഗമത്തിന്‍റെ ഭാഗമായി വിവിധ കായികമത്സരങ്ങളും ഫുട്ബാൾ സ്കിൽ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. ഖത്തർ ഫിഫ ലോകകപ്പ് കൗണ്ട് ഡൗൺ നൂറാം ദിനത്തിന്‍റെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി ബ്രസീൽ ഫാൻസ്‌ ഖത്തർ പ്രവർത്തകർ പറഞ്ഞു.

Tags:    
News Summary - Brazil fans welcome the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.