ദോഹ: രാജ്യത്തെ മരുഭൂവത്കരണം തടയുന്നതിനാവശ്യമായ ദേശീയ പദ്ധതി ആവിഷ്കരിക്കുന്നതിന് ശിൽപശാല സംഘടിപ്പിച്ച് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം. വന്യജീവി വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന ശിൽപശാലയിൽ രാജ്യത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും മുതിർന്ന പ്രതിനിധികൾ പങ്കെടുത്തു.
പൊതുജന അവബോധം വർധിപ്പിക്കുക, സാങ്കേതിക- സഹകരണ പരിപാടികൾ, നേതൃത്വം, നവീകരണം എന്നിവ വളർത്തിയെടുക്കുക തുടങ്ങിയ മാർഗങ്ങൾ കണ്ടെത്തുകയാണ് മന്ത്രാലയം ശിൽപശാലയിലൂടെ ലക്ഷ്യമിടുന്നത്. മരുഭൂവത്കരണത്തെ ചെറുക്കുന്നതിനും, പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര പരിസ്ഥിതി കരാറുകളിൽ ഖത്തർ സജീവ പങ്കാളിത്തമാണ് വഹിക്കുന്നതെന്ന് വന്യജീവി വികസന വകുപ്പ് മേധാവി മുഹമ്മദ് അൽ ഖൻജി പറഞ്ഞു.
ഇതിന്റെ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലെ വരൾച്ചയുടെയും മരുഭൂവത്കരണത്തിന്റെയും പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള കൺവെൻഷനിൽ 1999 ജനുവരിയിൽ ഖത്തർ ഒപ്പുവെച്ചിട്ടുണ്ടെന്നും അൽ ഖൻജി ചൂണ്ടിക്കാട്ടി. രാജ്യത്തെ മരുഭൂവത്കരണത്തെ ചെറുക്കുന്നതിനും പാരിസ്ഥിതിക സുസ്ഥിരത വർധിപ്പിക്കുന്നതിനും ഗണ്യമായ സംഭാവന നൽകിയ നിരവധി പദ്ധതികളും പരിപാടികളും ശിൽപശാലയിൽ പ്രദർശിപ്പിച്ചു. കാട്ടുചെടികളുടെ ശേഖരണവും സംരക്ഷണവും, ഗാഫ് മരത്തിന്റെ സംരക്ഷണം, ഫീൽഡ് ജീൻ ബാങ്ക് സ്ഥാപിക്കൽ, ഖത്തർ മരുഭൂമിയുടെ പുനരുദ്ധാരണം, മഴവെള്ള സംഭരണം, കാർഷിക സെൻസസ്, കർഷകർക്ക് പിന്തുണ എന്നിവ ഇതിലുൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.