ദോഹ: വേനലവധിക്കാലത്ത് കളിയും വിനോദവും മുടങ്ങുന്ന കുട്ടികൾക്ക് ഇൻഡോറിൽ മികച്ച അനുഭവങ്ങളുമായി ഖത്തർ മ്യൂസിയം പ്രത്യേക പരിപാടികൾ ഒരുക്കുന്നു. വേനലവധിക്കാലത്ത് വർക്ക്ഷോപ്പുകൾ, ക്യാമ്പുകൾ, എക്സിബിഷനുകൾ തുടങ്ങിയ വിനോദ, വിജ്ഞാന പരിപാടികൾ ഒരുക്കിയിരിക്കുകയാണ് ഖത്തർ മ്യൂസിയം (ക്യു.എം). വ്യത്യസ്ത ഇടങ്ങളിലായി വൈവിധ്യമാർന്ന പരിപാടികളാണ് ആഗസ്റ്റ് മാസത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ലിവാനുമായി സഹകരിച്ച് ‘കഥാപാത്രങ്ങളുടെ വികസനവും കഥപറച്ചിലും’ എന്ന വിഷയത്തിൽ അഞ്ച് ദിവസത്തെ ക്യാമ്പ് ആഗസ്റ്റ് 21 മുതൽ 27 വരെ മുശൈരിബിൽ നടക്കും. രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെയാണ് സമയം. പങ്കെടുക്കുന്നതിനായി m7.org.qa സന്ദർശിക്കുക.
ഇസ്ലാമിക് ആർട്ട് മ്യൂസിയം (മിയ) കുട്ടികൾക്കും മുതിർന്നവർക്കുമായി കലാ ശിൽപശാലകൾ, കുടുംബ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. ആഗസ്റ്റ് 10ന് കുടുംബദിനത്തിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ അവതരിപ്പിക്കും. ഇതിന് പ്രത്യേകം രജിസ്ട്രേഷനില്ല. ആഗസ്റ്റ് 18ന് അറബി കാലിഗ്രഫി ശിൽപശാല വൈകീട്ട് നാല് മുതൽ ആറ് വരെ നടക്കും. miaprograms@qm.org.qa എന്ന ഇ-മെയിൽ വിലാസത്തിലേക്ക് രജിസ്ട്രേഷനുമായി ബന്ധപ്പെടുക.
മത്ഹഫിൽ 15 വയസ്സിനും അതിന് മുകളിലുള്ളവർക്കുമായി ആഗസ്റ്റ് 17, 24 തീയതികളിലായി തുണി കൊണ്ടുള്ള മിക്സഡ് മീഡിയയിൽ പ്രത്യേക ശിൽപശാല സംഘടിപ്പിക്കും. ആഗസ്റ്റ് 8ന് കാർട്ടൂൺ ശിൽപശാല സംഘടിപ്പിക്കും. നാഷനൽ മ്യൂസിയം (എൻ.എം.ഒ.ക്യു) സൈബർ സുരക്ഷ സംബന്ധിച്ച് വിജ്ഞാന-വിനോദങ്ങളുമായി ശിൽപശാലയും സമ്മർ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കും.
മൈൻക്രാഫ്റ്റ് എജുക്കേഷൻ - സൈബർ സുരക്ഷ എന്ന തലക്കെട്ടിൽ ശിൽപശാലയിൽ ഒമ്പത് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ആഗസ്റ്റ് 18ന് രാവിലെ 10 മുതൽ ഒരുമണി വരെയാണ് പരിപാടി. പങ്കെടുക്കുന്നതിനായി nmoqdigitalcenter@qm.org.qa എന്ന വിലാസത്തിൽ ബന്ധപ്പെടുക.
3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം, സമ്മർ ഒളിമ്പിക് ഫെസ്റ്റിവലും കഥ പറച്ചിൽ പരിപാടിയും സംഘടിപ്പിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി 3-2-1 സമ്മർ ഒളിമ്പിക് ഫെസ്റ്റിവൽ ആഗസ്റ്റ് നാലുവരെ മ്യൂസിയത്തിൽ നടക്കുന്നുണ്ട്. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ കഴിയുന്ന അവിസ്മരണീയവും രസകരവുമായ വിനോദ, വിദ്യാഭ്യാസ പരിപാടികളും മ്യൂസിയത്തിലെ ആക്ടിവേഷൻ സോണിൽ നടക്കും.
കുട്ടികൾക്കായി ദാദു മ്യൂസിയം ആഗസ്റ്റ് 12, 16 തീയതികളിൽ വൈകുന്നേരം 3.30 മുതൽ 5.30 വരെയും ആഗസ്റ്റ് 14, 28 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെയും ഡിസൈൻ തിങ്കിങ് വർക്ക്ഷോപ്പ് സംഘടിപ്പിക്കും. 10 മുതൽ 14 വയസ്സ് വരെയുള്ളവർക്ക് ഇതിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.