ദോഹ: സ്തനാർബുദത്തിനെതിരായ പോരാട്ടത്തിൽ ഖത്തർ കാൻസർ സൊസൈറ്റിയുമായി (ക്യൂ.സി.എസ്) കൈകോർത്ത് രാജ്യത്തെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റ്. ഒക്ടോബറിൽ ലോകവ്യാപകമായി നടക്കുന്ന സ്തനാർബുദ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ഖത്തർ കാൻസർ സൊസൈറ്റിയും ‘പിങ്ക് നിറത്തിൽ മുന്നേറുക’ (സ്ട്രൈഡ്സ് ഇൻ പിങ്ക്) എന്ന പേരിൽ ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. മുൻ വർഷങ്ങളിലേതുപോലെ ‘ഷോപ് ആൻഡ് ഡൊണേറ്റ്’ കാമ്പയിനിലൂടെ ലുലു ഹൈപ്പർ മാർക്കറ്റും കാൻസർ സൊസൈറ്റിയുടെ അർബുദത്തിനെതിരായ പോരാട്ടത്തിൽ പങ്കുചേരും.
ആയിരത്തോളം ഉൽപന്നങ്ങളാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയത്. ഇതിൽ നിന്നുള്ള വിഹിതം കാൻസർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കും. ഖത്തർ ദേശീയ വിഷൻ 2030നോട് ഐക്യപ്പെട്ട്, ലുലു ഗ്രൂപ്പിന്റെ കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ദൗത്യമെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു.
കാമ്പയിന്റെ ഭാഗമായി ലുലു ഷോറൂം ജീവനക്കാർ പിങ്ക് റിബൺ അണിഞ്ഞ് സ്തനാർബുദത്തിനെതിരായ ബോധവത്കരണ യത്നത്തിൽ പങ്കാളികളാകും. രോഗം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നതിന്റെയും ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയുമാണ് പിങ്ക് റിബൺ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം നടന്ന കാമ്പയിൻ വഴി 1.25 ലക്ഷം റിയാൽ ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ കാൻസർ സൊസൈറ്റിക്ക് സംഭാവന ചെയ്തിരുന്നു. സാമൂഹിക പങ്കാളിത്തത്തിലൂടെ അർബുദ പ്രതിരോധത്തിലും നിയന്ത്രണത്തിലും മുൻനിര രാജ്യമായി ഖത്തറിനെ മാറ്റുക എന്ന ക്യൂ.സി.എസിന്റെ ലക്ഷ്യത്തിന് ലുലു ഹൈപ്പർമാർക്കറ്റ് നൽകുന്ന ശ്രദ്ധേയ പിന്തുണയാണ് ഈ കാമ്പയിനെന്ന് കാൻസർ സൊസൈറ്റി ജനറൽ മാനേജർ മുന അഷ്കനാനി പറഞ്ഞു. അർബുദ ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്ത രോഗികൾക്കും അവരുടെ ബന്ധുക്കൾക്കുമുള്ള ലുലു ഗ്രൂപ് മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പിന്തുണക്ക് നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് വഴി ക്യൂ.സി.എസ് അർബുദ പ്രതിരോധ പ്രചാരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.