ദോഹ: ഈ വർഷം ജനുവരിയിൽ രാജ്യത്തെ മുഴുവൻ മുനിസിപ്പാലിറ്റികളിൽ നിന്നുമായി അനുവദിക്കപ്പെട്ട ബിൽഡിങ് പെർമിറ്റുകളിൽ 37 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) അറിയിച്ചു. ജനുവരിയിൽ മുൻമാസത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വർധന അൽഖോർ മുനിസിപ്പാലിറ്റിയിലാണ് രേഖപ്പെടുത്തിയത് -132 ശതമാനം. തൊട്ടുപിറകെ 72 ശതമാനവുമായി അൽ ശീഹാനിയ മുനിസിപ്പാലിറ്റിയും 64 ശതമാനവുമായി അൽ റയ്യാൻ മുനിസിപ്പാലിറ്റിയുമുണ്ട്. അൽ ദആയിനിൽ 46 ശതമാനം, അൽ ഷമാൽ 42 ശതമാനം, വക്റ 42 ശതമാനം എന്നിങ്ങനെയാണ് മറ്റു മുനിസിപ്പാലിറ്റികളിലെ വർധന.നിർമാണ മേഖലയുടെ ഉണർവിനെ സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകൾ. നിർമാണ പെർമിറ്റുകളും നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളുമാണ് ഇതിലുൾപ്പെടുന്നത്.
അതേസമയം, ഏറ്റവും കൂടുതൽ ബിൽഡിങ് പെർമിറ്റുകൾ അനുവദിച്ച മുനിസിപ്പാലിറ്റികളിൽ അൽ റയ്യാൻ മുനിസിപ്പാലിറ്റിയാണ് മുന്നിലുള്ളത് -179. ആകെ പെർമിറ്റുകളുടെ 25 ശതമാനം. വക്റ മുനിസിപ്പാലിറ്റി 160 പെർമിറ്റുകൾ അനുവദിച്ചപ്പോൾ (22 ശതമാനം) ദോഹ മുനിസിപ്പാലിറ്റി 141 പെർമിറ്റുകൾ (20 ശതമാനം) അനുവദിച്ചു. അൽ ദആയിൻ 111 പെർമിറ്റുകളാണ് അനുവദിച്ചത്.ജനുവരിയിൽ അനുവദിക്കപ്പെട്ടവയിൽ ഏറ്റവും കൂടുതൽ പെർമിറ്റുകളും (275) പുതിയ കെട്ടിടങ്ങൾക്കാണെന്ന് പി.എസ്.എ ചൂണ്ടിക്കാട്ടി. നിലവിലെ കെട്ടിടങ്ങളിലെ അനുബന്ധ പ്രവൃത്തികൾക്കായി 423 പെർമിറ്റുകളും ഫെൻസിങ് വിഭാഗത്തിൽ 23 പെർമിറ്റുകളും അനുവദിച്ചതായും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.