ദോഹ: ഏഴു മാസം നീണ്ട ക്യാമ്പിങ് സീസണിന്റെ സുരക്ഷിതമായ നടത്തിപ്പിനായി സീലൈനിൽ ആരംഭിച്ച ഹമദ് മെഡിക്കൽ കോർപറേഷൻ ക്ലിനിക്കിന് സമാപനമായി. ഏപ്രിൽ 30ന് ക്യാമ്പിങ് സീസൺ അവസാനിക്കാനിരിക്കെയാണ് ക്ലിനിക്കിന്റെ ഇത്തവണത്തെ സേവനം അവസാനിപ്പിക്കുന്നത്. പരിചരണത്തിലും സേവനത്തിലും മികച്ച പ്രകടനവുമായാണ് ക്ലിനിക് നിർത്തുന്നത്.
2023 ഒക്ടോബർ ഒന്നിനാണ് സീലൈനിൽ എച്ച്.എം.സി ക്ലിനിക് പ്രവർത്തനമാരംഭിച്ചത്. തുടർച്ചയായ 14ാം വർഷമാണ് ക്ലിനിക് ശൈത്യകാല സീസണിലേക്ക് മാത്രമായി പ്രവർത്തിക്കുന്നത്. ആറുമാസത്തെ സീസണിൽ 1260 പേർക്ക് വിവിധ വിഭാഗങ്ങളിൽ ചികിത്സ നൽകിയതായി എച്ച്.എം.സി സീലൈൻ പ്രോജക്ട് മാനേജറും ചീഫ് കമ്യൂണിക്കേഷൻസ് ഓഫിസറുമായ ഹസൻ മുഹമ്മദ് അൽ ഹൈൽ പറഞ്ഞു. ഡ്യൂണ്‍ ഡ്രൈവിനിടെയും മറ്റും സംഭവിക്കുന്ന അപകടങ്ങളില്‍ പരിക്കേറ്റവരാണ് ചികിത്സക്കെത്തിയവരില്‍ അധികവും. 816 പേരും ഇങ്ങനെ അപകടങ്ങളില്പെട്ടാണെത്തിയത്. 629 എമര്‍ജന്‍സി കേസുകള്‍ ആംബുലന്‍സ് വഴിയും എയര്‍ ആംബുലന്‍സ് വഴിയും ആശുപത്രികളിലെത്തിക്കാനും സൗകര്യമൊരുക്കി.
മണൽതിട്ട പ്രദേശങ്ങളിൽനിന്ന് പരിക്കേറ്റവരെയും രോഗികളെയും ലക്ഷ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് രണ്ട് ഫോർവീൽ ഡ്രൈവ് ആംബുലൻസുകളടക്കം നാല് ആംബുലന്‍സുകളാണ് തയാറാക്കിയിരുന്നത്. ഇതാദ്യമായാണ് മരുഭൂമി യാത്രകളിൽ ഫോർവീൽ ആംബുലൻസുകൾ ഉപയോഗിക്കുന്നത്. നീണ്ട കാലത്തെ ക്ലിനിക്കിന്റെ സേവനം വിജയകരമാക്കിയ ഡോക്ടർമാർ, നഴ്സുമാർ, ആംബുലൻസ് സർവിസ്, അഡ്മിനിസ്ട്രേറ്റിവ് എന്നീ വിഭാഗങ്ങൾക്ക് നന്ദി അറിയിക്കുന്നതായി ഹസൻ മുഹമ്മദ് അറിയിച്ചു. ഏത് അടിയന്തര ഘട്ടങ്ങളിലും രോഗികളെ സ്വീകരിക്കാനും ഗുരുതര കേസുകൾ കൈകാര്യം ചെയ്യാനുമായി അൽ വക്റ ആശുപത്രിയും ഹമദ് മെഡിക്കൽ കോർപറേഷനും സർവസജ്ജമായിരുന്നുവെന്ന് സീലൈൻ മെഡിക്കൽ ക്ലിനിക് ഡയറക്ടർ പ്രഫ. അഫ്താബ് മുഹമ്മദ് ഉമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.