ദോഹ: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഖത്തർ സമുദ്രത്തിലൂടെ യാത്ര നടത്താനും ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവുകളെ അടുത്തുകാണാനും ഡിസ്കവർ ഖത്തർ അവസരമൊരുക്കുന്നു. അത്യാധുനിക സംവിധാനങ്ങളും പഞ്ചനക്ഷത്ര സൗകര്യങ്ങളുമുള്ള ആഡംബര പര്യവേക്ഷണ കപ്പലിലൂടെയുള്ള പ്രഥമ യാത്ര പാക്കേജാണ് ഖത്തർ എയർവേസിെൻറ ഡെസ്റ്റിനേഷൻ മാനേജ്മെൻറ് ഡിവിഷനായ ഡിസ്കവർ ഖത്തർ മുന്നോട്ടുവെക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്തതും കടുത്ത നിയന്ത്രണത്തിലുള്ളതുമായ അൽ ഷാഹീൻ സമുദ്രമേഖലയിൽ പ്രവേശിക്കുന്നതിനും ഖത്തറിെൻറ സമുദ്ര വൈവിധ്യങ്ങൾ അടുത്തറിയുന്നതിനുമുള്ള അപൂർവ അവസരവുമായിരിക്കും പാക്കേജ്.
ആഡംബരക്കപ്പലിലെ പഞ്ചനക്ഷത്ര സേവനങ്ങൾക്കൊപ്പം ഖത്തറിെൻറ സമുദ്ര ആവാസവ്യവസ്ഥയെ കുറിച്ച് നേരിട്ടറിയുന്നതിനും യാത്ര സഹായമാകും. കൂടാതെ സമുദ്രത്തിനടിയിലെ പവിഴപ്പുറ്റുകളും ഖോർ അൽ ഉദൈദ് ചാനലിലെ അപൂർവയിനം കണ്ടൽക്കാടുകളും കാണാനും അടുത്തറിയാനും യാത്ര അവസരം നൽകുന്നുണ്ട്. ഇതോടൊപ്പം സമുദ്ര പര്യവേക്ഷകർക്ക് അറിവ് നൽകുന്നതിന് സമുദ്ര ശാസ്ത്രജ്ഞർ, പരിചയ സമ്പന്നരായ ഗൈഡുകൾ, പരിസ്ഥിതി ശാസ്ത്രജ്ഞർ, പക്ഷി നിരീക്ഷകർ തുടങ്ങിയവരും അകമ്പടി സേവിക്കും.
60 ദശലക്ഷം വർഷത്തിലേറെയായി ഭൂമിയിൽ വസിക്കുന്ന തിമിംഗല സ്രാവ് എന്ന വെയ്ൽ ഷാർക്ക് മത്സ്യത്തിന് 12 മീറ്ററിലധികം നീളം വരും. ഏകദേശം ഒരു വലിയ സ്കൂൾ ബസിനേക്കാളും വരുമിത്. 100 വർഷമാണ് ഇവയുടെ ശരാശരി ആയുസ്സായി കണക്കാക്കുന്നത്. വേനൽക്കാലമായ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് തിമിംഗല സ്രാവുകളെ ഖത്തറിൽ കാണപ്പെടുന്നത്. ഖത്തറിെൻറ വടക്കൻ തീരത്തുനിന്നും 80 കിലോമീറ്റർ അകലെയുള്ള അറേബ്യൻ ഉൾക്കടലിനോട് ചേർന്ന അൽ ഷാഹീൻ സമുദ്ര മേഖലയിൽ ഇവയെ കൂട്ടത്തോടെ കാണാം.
ലോകത്തിലെ ഏറ്റവും വലിയ മത്സ്യത്തിെൻറ ഏറ്റവും വലിയ ഒത്തുചേരലിനാണ് ഓരോ വർഷവും ഖത്തർ സാക്ഷ്യം വഹിക്കുന്നത്. ഏകദേശം അഞ്ഞൂറിലധികം തിമിംഗല സ്രാവുകളാണ് ഇവിടെ വർഷവും ഒത്തുചേരുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 2021 ഡിസംബർ 21 മുതലാണ് സമുദ്ര പര്യവേക്ഷണ യാത്രകൾ ആരംഭിക്കുകയെന്ന് ഡിസ്കവർ ഖത്തർ വ്യക്തമാക്കി. ഒരാൾക്ക് 5295 ഡോളർ മുതലാണ് പാക്കേജുകൾ ആരംഭിക്കുന്നത്. എട്ട് രാത്രിയും ഒമ്പത് പകലുമടങ്ങുന്നതാണ് പാക്കേജ്. ദോഹ നഗരത്തിെൻറ വശ്യതയും സൗന്ദര്യവും കൂടെ ആസ്വദിക്കണമെന്നുണ്ടെങ്കിൽ പാക്കേജിലെ ദിവസങ്ങൾ വർധിപ്പിക്കാനുള്ള അവസരവും ഡിസ്കവർ ഖത്തർ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.